കൊടുങ്ങല്ലൂർ: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണം മലപ്പുറത്തേക്ക് കൊണ്ടുപോകവേ വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടി. രണ്ടുപേർ അറസ്റ്റിലായി. ദുബായിൽനിന്ന് സ്വർണം കൊണ്ടുവന്ന അഴീക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ (44), സ്വർണവുമായി പോയ മലപ്പുറം വള്ളുമ്പറം തൊണ്ടിയിൽ നിഷാജ് (27) എന്നിവരാണ് അറസ്റ്റിലായത്.ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത നിഷാജിന് വഴിതെറ്റി പോലീസിന്റെ മുന്നിൽച്ചെന്നു ചാടിയതാണ് അറസ്റ്റിനിടയാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയിൽ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം.വിവരമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലാണ് നിഷാജ് വന്നത്.പശ ചേർത്ത് സ്വർണത്തരികൾ പിടിപ്പിച്ച ട്രൗസറും ടീ ഷർട്ടുമാണ് കാറിലുണ്ടായിരുന്നത്.കാറിന്റെ ഗിയർ ബോക്സിലും സ്വർണം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. ദുബായിൽനിന്ന് എത്തിയ സബീലിന്റെ വീട്ടിൽനിന്ന് ഏറ്റുവാങ്ങിയതായിരുന്നു ഇവ. സബീൽ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്തിയ സ്വർണമാണ് കാറിന്റെ ഗിയർ ബോക്സിലുണ്ടായിരുന്നത്.വാഹനത്തിൽനിന്നു കിട്ടിയ ട്രൗസറിന്റെയും ടീ ഷർട്ടിന്റെയും അസാധാരണഭാരത്തിൽ സംശയം തോന്നിയാണ് പോലീസ് പരിശോധന നടത്തിയത്. ഒരു തുണിക്കുള്ളിൽ സ്വർണത്തരികളും പശയും ചേർത്ത മിശ്രിതം ചേർത്തുപിടിപ്പിച്ചശേഷം അതിനു മീതെ അതേ തുണി ചേർത്ത് ഒട്ടിച്ച് രണ്ട് അടരുകളാക്കി ട്രൗസറും ബനിയനും തുന്നി ധരിച്ചാണ് സബീൽ എയർപോർട്ട് വഴി സ്വർണം കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.വാഹനത്തിൽനിന്നു ലഭിച്ച വസ്ത്രങ്ങൾ കത്തിച്ച് സ്വർണം വേർതിരിച്ചപ്പോൾ ലഭിച്ചത് 300 ഗ്രാമാണ്. ഏകദേശം 300 ഗ്രാമോളം വരുന്ന അഞ്ച് ക്യാപ്സ്യൂളുകൾ മലദ്വാരത്തിൽ ഒളിപ്പിച്ചും കടത്തിയിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് നിഷാജ് പിടിക്കപ്പെട്ട വിവരം അറിഞ്ഞ സബീൽ സുഹൃത്തിന്റെ കാറിൽ കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബ്രിജുകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനു ആന്റണി എന്നിവരടങ്ങുന്ന നൈറ്റ് പട്രോളിങ് സംഘമാണ് സ്വർണക്കടത്ത് പിടിച്ചത്.