കോഴിക്കോട് : നഗരസഭയുടെ കീഴിൽ കസബ വില്ലേജിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കാനുള്ള പെർമിറ്റ് അനുവദിക്കാൻ കോഴിക്കോട് നഗരസഭ ഒൻപത് വർഷമെടുത്തത് കാരണം മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർന്ന് രോഗിയായി മാറിയെന്ന പുതിയറ സ്വദേശിയുടെ പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
തദ്ദേശ സ്വയംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണം നടത്തി കുറ്റക്കാരായ കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് മേൽ വിട്ടുവീഴ്ചയില്ലാതെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
ഓക്കൂപെൻസി സർട്ടിഫിക്കറ്റും ബിൽഡിംഗ് നമ്പറും അനുവദിക്കാൻ അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം നിയമാനുസരണം ഇവ അനുവദിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിൻ മേൽ സ്വീകരിച്ച നടപടികൾ മൂന്നു മാസത്തിനകം അഡീഷണൽ ചീഫ് സെക്രട്ടറി കമ്മിഷനെ അറിയിക്കണം. പുതിയറ ജയിൽ റോഡിൽ എം.ഫജാർ സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.
സംസ്ഥാനം വ്യവസായ സൗഹ്യദമാക്കാനുള്ള പരിശ്രമങ്ങൾ സർക്കാർ നടത്തുമ്പോൾ സ്വാർത്ഥ ലാഭത്തിനായി ഒരു സംഘം ഉദ്യോഗസ്ഥർ സർക്കാർ ലക്ഷ്യങ്ങൾ
അട്ടിമറിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിൻ്റെ ഇടപെടലിന് ശേഷമാണ് കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് അനുവദിച്ചത്.