കോഴിക്കോട് : ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് മുസ്ലിം ലീഗ്. സ്കൂളുകളിൽ ആണ്‍കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമാണെന്ന വിചിത്ര നിലപാട് ആവർത്തിക്കുകയാണ് ലീഗ് നേതൃത്വം. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികൾ വഴിതെറ്റുമെന്നും ഇത് പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ലിഗ് ജനറൽ സെക്രട്ടറി പി എം എ സലാം കോഴിക്കോട് വ്യക്തമാക്കി.
നേരത്തെ ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിചിത്രവാദവുമായി മുസ്ലീം ലീഗ് നേതാവും എം.എൽ എ യുമായ ഡോ എംകെ മുനീർ രംഗത്തെത്തിയിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെടുക്കുന്നതെന്നും നിയമം നടപ്പായാൽ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും മുനീർ വ്യക്തമാക്കി. പ്രസ്ഥാവന വിവാദമായതോടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ പോക്സോ നിയമം നിഷ്പ്രഭമാകുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന വീശദീകരണവുമായി മുനീർ വീണ്ടും രംഗത്തെത്തി. അതിനിടയിലാണ് പി എം എ സലാമിന്റെ പ്രസ്ഥാവന . ഇത് ലീഗിന്റെ ഔദ്യോഗിക നിലപാടെന്ന് പുറത്ത് വന്നതോടെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിലും വിവാദം പുകയും എന്ന് ഉറപ്പായി. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് മുതിർന്ന നേതാക്കളുടെ നിലപാടും അണികളും പൊതുജനങ്ങളും കാതോർക്കുകയാണ്.