localPoliticstop news

കടുപ്പത്തിലൊരു ചായയും ചൂടേറിയ ചര്‍ച്ചയും: ആവേശമായി പി.എം. നിയാസിന്റെ ഗുഡ്‌മോണിങ് ബേപ്പൂര്‍

രാമനാട്ടുകര: ‘ഒരു ചായ..” നിയാസ് അകത്തേക്ക് നീട്ടി പറഞ്ഞു. വീശിയടിച്ച ചായയുമായി മൊയ്തീന്‍ക്ക എത്തിയപ്പോള്‍ ഒരു നിമിഷം അമ്പരുന്നു. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും തന്റെ ചായക്കടയിലേക്ക് എത്തിയത് ബേപ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എം. നിയാസായിരുന്നു. രാവിലെ ഏഴ് മണിക്കേ ചായ കുടിക്കാനെത്തിയ സ്ഥാനാര്‍ത്ഥിയെ കണ്ട് ഒരുനിമിഷം മൊയ്തീന്‍ക്കയും ആശ്ചര്യപ്പെട്ടുപോയി.

സ്ഥാനാര്‍ത്ഥി ചായ കുടിക്കാന്‍ കയറിയതാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ ആവി പറക്കുന്ന ചായയ്ക്ക് ചുറ്റുമിരുന്ന് പ്രദേശവാസികളായ സാധാരണക്കാരുമായുള്ള സംവാദമാണെന്നറിഞ്ഞപ്പോള്‍, കേള്‍ക്കാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും നിരവധി പേര്‍ ചുറ്റും നിരന്നു.

രാമനാട്ടുകര പെരുമുഖത്തെ എണ്ണക്കാട്ട് ജുമാ മസ്ജിദിന് സമീപത്തെ ചോനാരി മൊയ്തീന്റെ ചായക്കടയിലേക്കാണ് സ്ഥാനാര്‍ത്ഥി നിയാസ് രാവിലത്തെ നടത്തവും കഴിഞ്ഞ് നേരെ എത്തിയത്. ജോഗിംഗ് വസ്ത്രത്തിലായതിനാല്‍ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. ആളെ മനസിലായതോടെ ചായക്കടക്കാരനും ചായ കുടിക്കാനെത്തിയവര്‍ക്കും ആവേശമായി. അവരുടെ സന്തോഷങ്ങളും പരാതികളും പങ്കുവെക്കാനും ആശംസകളറിയിക്കാനും അധികനേരം വേണ്ടി വന്നില്ല. അതുവഴി മദ്രസയിലേക്ക് പോയ കുട്ടികള്‍ സ്ഥാനാര്‍ത്ഥിയാണെന്നറിഞ്ഞ് അടുത്ത് വന്ന് സെല്‍ഫി എടുക്കാനും മത്സരിച്ചു. അമ്പലംകണ്ടി മൊയ്തീന്‍ കുട്ടി ഹാജിയും പുഴക്കാട് കുഞ്ഞി മുഹമ്മദും ചായ ഊതികുടിച്ചുകൊണ്ട് നാട്ടിലെ വികസനപ്രശ്‌നങ്ങളും പരിഹാരങ്ങളും നിയാസുമായി പങ്കുവെച്ചു. നാട്ടുകാരുടെ ആശങ്കകളെല്ലാം കേട്ടറിഞ്ഞ് പരിഹാരം ഉണ്ടാക്കാമെന്ന് വാക്കും കൊടുത്താണ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് പ്രചരണത്തിരക്കിലേക്ക് മടങ്ങിയത്.

ചായക്കടകള്‍ വാശിയേറിയ ചര്‍ച്ചകള്‍ നടക്കുന്ന സ്ഥലമാണ്, ഒരു നാടിന്റെ സ്പന്ദനം എളുപ്പത്തില്‍ തൊട്ടറിയാവുന്ന ഇടമാണെന്നും പി.എം. നിയാസ് പറഞ്ഞു. മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ പ്രദേശത്തെ സാധാരണക്കാരുമായുള്ള ചര്‍ച്ചകള്‍ -ഗുഡ്‌മോണിങ് ബേപ്പൂര്‍ തുടരും. അതിരാവിലെ ജോലിക്ക് പോകുന്നവരെ കൂടി കാണുകയും, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും എന്ന ഉദ്ദേശവും ഈ വ്യത്യസ്തമായ പരിപാടിക്കുണ്ടെന്നും നിയാസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close