കോഴിക്കോട് : വാർദ്ധക്യനാളുകളിൽ കളിയും ചിരിയും നിറയ്ക്കാൻ വയോജനങ്ങൾക്കായി കരുവിശ്ശേരിയിൽ പകൽവീടൊരുങ്ങി. കോഴിക്കോട് കോർപറേഷന്റെ വയോജന നയത്തിന്റെ ഭാഗമായാണ് പകൽ വീടൊരുക്കിയത്.സമൂഹത്തിലും വീട്ടിലും വയോജനങ്ങൾക്ക് ആത്മാഭിമാനത്തോട് കൂടി ജീവിക്കാൻ ആവശ്യമായ ചുറ്റുപാടും ഒരുക്കി കൊടുക്കുവാനും അവരുടെ കഴിവുകളും ചിന്തകളും ഉയർത്തി കൊണ്ടുവരാൻ കൂടിയാണ് കോർപ്പറേഷൻ വയോജന നയത്തിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
കോഴിക്കോട് കോർപ്പറേഷൻ വയോജന നയത്തിന്റെ ഭാഗമായി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എം.ഭാസ്കരൻ സ്മാരക പകൽ വീട് ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺമാരും കൗൺസിലർമാരും പങ്കെടുത്തു.
കോഴിക്കോട് നഗരത്തെ വികസന കുതിപ്പിലേക്ക് നയിച്ച മുൻ മേയർ എം. ഭാസ്കരന്റെ ജ്വലിക്കുന്ന ഓർമകളിൽ പകൽ വീടും ഇനി തിളങ്ങും.