കോഴിക്കോട്: – നഗരപാതാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡ് പ്രവർത്തി ഏറ്റെടുത്ത കരിക്കാംകുളം – സിവിൽ സ്റ്റേഷൻ – കോട്ടുളി റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ എം.എൻ. പ്രവീണാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കോട്ടുളിക്കും – സിവിൽ സ്റ്റേഷനുമിടയിൽ സിവിൽ സ്റ്റേഷൻ ഭാഗത്ത് 200 മീറ്ററോളം ഭൂമി ഏറ്റെടുക്കാൻ ഉടൻ നടപടി ഉണ്ടാവണം. പുതുക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് പ്രകൃതി ഹൗസ് മുതൽ വയനാട് ദേശീയ പാതയിലെ മൂലംപള്ളി ജംഗ്ഷൻ വരെയുള്ള 200 മീറ്റർ ഭാഗമാണ് ഏറ്റെടുക്കേണ്ടത്. പഴയ മാസ്റ്റർ പ്ലാനിലും ഇതേ ഭാഗമാണ് റേ ഡിന് നിശ്ചയിച്ചിരുന്നത്. ഏറ്റെടുത്തിൽ 200 മീറ്ററോളം ഭാഗം വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്നും ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. പഴയ മാസ്റ്റർ പ്ലാൻ അനുസരിച്ച് റോഡിനായി ജന്മി പൊറ്റങ്ങാടി രാജൻ സൗജന്യമായി വർഷങ്ങൾക്ക് മുൻപ് വിട്ടു കൊടുത്ത സ്ഥലം ചിലർ മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ച് കൈവശപ്പെടുത്തിതായി പരാതി ഉയർന്നിട്ടുണ്ട്. മുൻപ് ഈ സ്ഥലം കമ്പിവേലി കെട്ടി മാറ്റിവച്ചതാണ്. എന്നാൽ ജന്മിയിൽ നിന്ന് സ്ഥലം വാങ്ങിയ ചിലർ കമ്പി വേലി നിയമ വിരുദ്ധമായി നീക്കി ഈ സ്ഥലം അന്യായമായി തട്ടിയെടുക്കുകയായിരുന്നു. സൗജന്യമായി വിട്ടു കൊടുത്ത സ്ഥലത്ത് കമ്പിവേലി കെട്ടി വേർതിരിച്ചതിന്റെ ചിത്രം സമീപവാസികളുടെ പക്കലുണ്ട്. അക്വ സിഷൻ വേളയിൽ ഈ സൗജന്യ ഭൂമിയുടെ വില കൈക്കലാക്കാനാണത്രെ ഭൂമി മതിൽ കെട്ടി അധീനതയിലാക്കിയത്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽ പെട്ടതായും നഗരസഭയിൽ നിക്ഷിപ്തമായ ഭൂമി അക്വിസിഷന്റെ പേരിൽ പണം തട്ടനായി ആരേയും അനുവദിക്കില്ലെന്നും വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ വ്യക്തമാക്കി.