KERALAlocaltop news

മെഡി. കോളജിൽ ഡി.വൈ.എഫ്.ഐ ആക്രമണം; സെക്യൂരിറ്റി ജീവനക്കാ​ർക്കും കൂട്ടിരിപ്പുകാർക്കും മാധ്യമ പ്രവർത്തകനും പരിക്ക്

ജില്ല ​ജോ. സെക്രട്ടറി കെ. അരുണിന്റെ നേതൃത്വത്തിലായിരുന്നു അക്രമമമെന്ന് പൊലീസ് തിരിച്ചറിഞ്ഞു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാ​ർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും മാധ്യമ പ്രവർത്തകനും ഡി.വൈ.എഫ്.ഐക്കാരുടെ ക്രൂരമർദ്ദനം. ബുധനാഴ്ച രാവി​ലെ പത്തുമണിയോടെ സന്ദർശക ഗേറ്റിലാണ് നിയമം കൈയിലെടുത്ത് അക്രമം അരങ്ങേറിയത്. ഡി.വൈ.എഫ്.ഐ നേതാവിന്റെ കുടുംബത്തെ ആശുപത്രിക്കകത്തേക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് ‘മാധ്യമം’ സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനുനേരെയും ആക്രമണമുണ്ടായത്. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരായ ബാലുശ്ശേരി കണ്ണ​ങ്കോട്ട് കെ.എ. ശ്രീലേഷ്, ദിനേശൻ നരിക്കുനി, രവീന്ദ്ര പണിക്കർ കുറ്റ്യാടി എന്നിവരെയും മാധ്യമ പ്രവർത്തകൻ പി. ഷംസുദ്ദീനെയും രോഗിയുടെ കൂട്ടിരിപ്പുകാരനായ കോട്ടക്കൽ സ്വദേശി കെ. പ്രജീഷിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ അക്രമം നടത്തിയത് ഡി.വൈ.എഫ്.ഐ ജില്ല ​ജോ. സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ നേതൃത്വത്തിലാണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് തിരിച്ചറിഞ്ഞു.
സുരക്ഷാജീവനക്കാരെയും രോഗികൾക്കൊപ്പമെത്തിയവരെയും മാധ്യമ പ്രവർത്തകനെയും ആക്രമിച്ചതിന് ശിക്ഷാനിയമം 323 (ബോധപൂർവം പരിക്കേൽപ്പിക്കൽ), 341 (അന്യായമായി തടഞ്ഞുവക്കൽ), 332 ( പൊതുസേവകനെ ആക്രമിക്കൽ), 347 (തടഞ്ഞ് വക്കൽ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആശുപത്രിയി​ലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയെ അപമാനിച്ചെന്ന കേസിൽ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ 323, 341 എന്നിവക്കൊപ്പം 354 (സ്ത്രീയെ അപമാനിക്കൽ ) എന്നീ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് ദമ്പതികൾ രാവിലെ മെയിൻ ഗെയിറ്റിലെത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. പ്രധാന കവാടത്തിലൂടെയല്ല സൂപ്രണ്ട് ഓഫിസിലേക്ക് പോകേണ്ടതെന്നും മറ്റൊരു ഗേറ്റിലൂടെ പോകണമെന്നും നിർദേശിച്ചെങ്കിലും പ്രധാന ഗേറ്റിലൂടെ പോകണമെന്ന് ദമ്പതികൾ വാശിപിടിക്കുകയും പോകാൻ ശ്രമിച്ചവരെ സുരക്ഷ ജീവനക്കാരൻ തടയുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ ഇയാൾ പുറത്ത് നിന്ന് 15ഓളം പേരുമായി എത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മർദിക്കുകയായിരുന്നു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ സുരക്ഷ ജീവനക്കാരനടക്കം മൂന്നുപേരെയും ചവിട്ടുകയും ക്രൂരമായി തൊഴിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് സെക്യൂരിറ്റി ജീവനക്കാർ മെഡി. കോളജിൽ പ്രതിഷേധക്രടനം നടത്തി. മാധ്യമപ്രവർത്തകനെതിരായ അക്രത്തിൽ കെ.യു.ഡബ്ല്യു.ജെ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.

പടം….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close