കോട്ടയം :മലയാള മനോരമ മുൻ ചീഫ് റിപ്പോർട്ടർ സഞ്ജയ് ചന്ദ്രശേഖറിൻ്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് മലയാള മനോരമ
കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ അർഹനായി.
25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കഴിഞ്ഞ വർഷം കേരളം ചർച്ച ചെയ്ത മുട്ടിൽ മരം മുറിയും തുടർന്നുള്ള ക്രമക്കേടുകളും പുറത്തു കൊണ്ടുവന്ന മലയാള മനോരമ റിപ്പോർട്ടുകളും 2021 ജൂൺ 8 മുതൽ 10 വരെ _പട്ടയഭൂമിയിലെ പണമരം_ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പരമ്പരയുമാണ് ജയൻ മേനോനെ അവാർഡിന് അർഹനാക്കിയത്.
ജൂറിയുടെ പ്രത്യേക പരാമർശത്തിന് മാതൃഭൂമി കൽപറ്റ ബ്യൂറോ സ്റ്റാഫ് കറസ്പോണ്ടൻറ് എ.കെ.ശ്രീജിത്ത് അർഹനായി.
മാതൃഭൂമിയിൽ 2022 മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ പ്രസിദ്ധീകരിച്ച _തിരിച്ചിറങ്ങുന്നു പൊന്നുവിളയിച്ച പുൽപ്പള്ളി_ എന്ന പരമ്പരയാണ് ശ്രീജിത്തിനെ പ്രത്യേക പരാമർശത്തിന് അർഹനാക്കിയത്.
2021 ജനുവരി ഒന്നുമുതൽ 2022 മേയ് 31 വരെ മലയാള പത്രങ്ങളിലും വാരികകളിലും പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിച്ചത്.
മലയാള മനോരമ വീക്കിലി മുൻ എഡിറ്റർ ഇൻ ചാർജ് കെ.എ.ഫ്രാൻസിസ്, ദീപിക മുൻ അസോഷ്യേറ്റ് എഡിറ്റർ ടി.സി.മാത്യു, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ ടി.കെ.രാജഗോപാൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.
സഞ്ജയ് ചന്ദ്രശേഖറുടെ ചരമവാർഷികത്തോട് അനുബന്ധിച്ച് ഡിസംബർ അവസാന വാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുരസ്കാരങ്ങൾ സമ്മാനിക്കും.