ദുബൈ : മലയാളിയായ യുവ സീരിയല്‍ നടി ദുബായില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായി. ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായി തടങ്കലില്‍ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവ നടിയെ മലയാളി സന്നദ്ധ സംഘടനയായ ‘ഓര്‍മ’യുടെ പ്രവര്‍ത്തകര്‍ ഇടപെട്ട് മോചിപ്പിച്ച് നാട്ടിലെത്തിച്ചു(voluntary organization).
അറിയപ്പെടുന്ന അവതാരകയും മോഡലും സീരിയല്‍ നടിയുമാണ് 25 കാരി. ഒട്ടേറെ പരിപാടികളില്‍ ഇവര്‍ അവതാരകയായിട്ടുണ്ട്. കൂടാതെ, ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടിരുന്നു. ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്താണ് നാട്ടിലെ ഒരു ഏജന്‍സി നടിയെ സന്ദര്‍ശക വീസയില്‍ സെപ്റ്റംബര്‍ 2ന് ദുബായിലെത്തിച്ചത്. ചെന്നൈയില്‍ നിന്നാണ് നടിയും മറ്റു ഏഴ് യുവതികളും യുഎഇയിലേക്കു വിമാനം കയറിയത്. ഇതില്‍ ഒരു തമിഴ് അവതാരകയുമുണ്ടായിരുന്നു. എന്നാല്‍, ഇവിടെ എത്തിയതോടെ പറഞ്ഞുറപ്പിച്ച ജോലി നല്‍കുന്നതിന് പകരം ഇവരെ ദുബായ് ദെയ്‌റയിലെ ഒരു ഹോട്ടലിലെ ബാറില്‍ ജോലി ചെയ്യാന്‍ ഹോട്ടലുടമയും വീസ ഏജന്റിന്റെ കൂട്ടാളികളും നിര്‍ബന്ധിക്കുകയായിരുന്നു. മറ്റു യുവതികള്‍ ഈ ജോലിക്ക് തയാറായപ്പോള്‍ നടി തയാറാകാതിരുന്നതോടെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ബാറിലെത്തുന്നവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഹോട്ടലിന് പുറത്തുപോകാനും നിര്‍ബന്ധിച്ചിരുന്നതായി നടി പറഞ്ഞു. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ നടിക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും നല്‍കിയിരുന്നു. ചീത്തവിളിയും മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്ന നടി പേടിച്ചുവിറച്ചാണ് നാളുകള്‍ തള്ളി നീക്കിയത്. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ഓര്‍മ സംഘടനയിലെ അംഗങ്ങളുമായി മൊബൈലില്‍ ബന്ധപ്പെടാന്‍ നടിക്ക് അവസരം കിട്ടിയതോടെയാണ് രക്ഷപ്പെടാനുള്ള വഴി ഒരുങ്ങിയത്.ഓര്‍മ പിആര്‍ കമ്മറ്റി പ്രതിനിധികള്‍ വിവരമറിഞ്ഞയുടന്‍ തന്നെ നോര്‍ക്കയുമായി ബന്ധപ്പെടുകയും യുഎഇയിലുള്ള വൈസ് ചെയര്‍മാന്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് ദുബായ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസിന്റെ സഹായത്തോടെ നടി താമസിക്കുന്ന ഹോട്ടലിലെത്തിയാണ് മോചിപ്പിച്ചത്. രക്ഷപ്പടുത്തിയ നടിയെ പിന്നീട് ഓര്‍മ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ചേര്‍ന്ന് നാട്ടിലേക്ക് അയച്ചു. നാട്ടില്‍ നിന്ന് വിദേശ തൊഴിലുകള്‍ നേടാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും അംഗീകൃത ഏജന്‍സികള്‍ വഴിമാത്രം അവസരങ്ങള്‍ തേടണമെന്ന് ഓര്‍മ ഭാരവാഹികളും ലോകകേരള സഭാംഗങ്ങളും നിര്‍ദേശിച്ചു.
അതേസമയം, നടിയോടൊപ്പം ചെന്നൈയില്‍ നിന്ന് എത്തിയ തമിഴ് അവതാരക ഉള്‍പ്പെടെയുള്ള മറ്റു 7 യുവതികള്‍ ഇപ്പോഴും ദുബായിലെ ഹോട്ടലില്‍ കഴിയുന്നു. പലരും നാട്ടില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്നവരാണ്. അതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പ്രയാസം കൊണ്ടാണ് ഇവിടെ തുടരുന്നത്.