Politics

പോലീസ് ക്വാർട്ടേഴ്സിൽ മേലുദ്യോഗസ്ഥരുടെ കയ്യേറ്റം * സിപിഒക്ക് അനുവദിച്ച ക്വാർട്ടേഴ്സ് ഇൻസ്‌പെക്ടർ ‘ തട്ടി’

കെ. ഷിന്റു ലാൽ

കോഴിക്കോട്: വ്യാജ രേഖകൾ സൃഷ്ടിച്ചു പോലീസിൽ ‘ബിനാമി’ പേരിൽ തട്ടിപ്പ്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ
സിവിൽ പോലീസ് ഓഫീസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എന്നീ തസ്തികളിലുള്ള പോലീസുകാർക്ക് താമസിക്കാനായി നൽകുന്ന ക്വാർട്ടേഴ് സിലാണ് അനധികൃത ‘കയ്യേറ്റം’.

കഴിഞ്ഞ മാസം സിറ്റിപോലീസിലെ സിപിഒ യുടെ അപേക്ഷ പരിഗണിച്ചു ചട്ടപ്രകാരം അനുവദിച്ച ക്വാർട്ടേഴ്സാണ് ഇൻസ്‌പെക്ടർ കയ്യടക്കിയത്. ഇത് സംബന്ധിച്ച് പോലീസുകാരൻ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നീതി ലഭിച്ചിട്ടില്ല.

ജില്ലാ അതിർത്തിയിലുള്ള സ്റ്റേഷനിലെ ഒരു സീനിയർ സിപിഒ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ഒഴിഞ്ഞു കൊടുത്തതിന് ശേഷം അതിൽ അതേ സ്റ്റേഷനിലെ ഇൻസ്പെക്ടർ അനധികൃതമായി താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം ഇൻസ്‌പെക്ടർ സ്ഥലം മാറിപോയ ശേഷം മറ്റൊരു സിപിഒ സബ്ഡിവിഷൻ അധികൃതർക്ക് ക്വാർട്ടേഴ്സിനായി അപേക്ഷ നൽകി. തുടർന്ന് അനുവദിച്ചു കിട്ടിയ ക്വാർട്ടേഴ്സിൽ താമസിക്കാനായി സിപിഒ ചെന്നപ്പോഴാണ് അതേ ക്വാർട്ട്ടേ ഴ് സിൽ ജില്ലാ അതിർത്തിയിലെ സ്റ്റേഷനിൽ കഴിഞ്ഞ മാസം പുതുതായി ചാർജ്ജെടുത്ത ഇൻസ്പെക്ടർ താമസിക്കുന്നതായി അറിഞ്ഞത്. തനിക്ക് അനുവദിച്ച ക്വാർട്ടേഴ്സ് ആണെന്ന് അറിയിച്ചെങ്കിലും ഇൻസ്‌പെക്ടർ ക്വാർട്ടേഴ്സ് ഒഴിയാൻ തയ്യാറായില്ല. ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയില്ലെങ്കിലും സിപിഒ യുടെ ഹൗസ് റെന്റ് അലവൻസ് റദ്ദാക്കുകയും ചെയ്തു.

സിപിഒ ഇതിനെതിരെ രംഗത്തു വന്നതോടെ ഇൻസ്‌പെക്ടർ മറ്റൊരു സിപിഒ യുടെ പേരിൽ ക്വാർട്ടേഴ്സിനായി
അപേക്ഷ നൽകാൻ ശ്രമം ആരംഭിച്ചു. സിപിഒ യുടെ പരാതി നില നിൽക്കെയാണ് സ്വന്തം സ്റ്റേഷനിലെ തന്നെ പോലീസുകാരനെ നിർബന്ധപൂർവം അപേക്ഷ നൽകിപ്പിച്ചത്. അതേ സമയം സ്ഥലം മാറിയെത്തിയ ഇൻസ്‌പെക്ടർക്ക് നേരത്തെ ജോലി ചെയ്ത ജില്ലയിലും ക്വാർട്ടേഴ്സ് ഉണ്ട്. ഒരേ സമയം രണ്ടിടത്ത് ക്വാർട്ടേഴ്സ് അനുവദിക്കുന്നത് ചട്ടവിരുദ്ധമാണ്.

സമാനമായ രീതിയിൽ പല പോലീസ് ക്വാർട്ടേഴ്സിലും അനധികൃത താമസം നടക്കുന്നുണ്ടെന്നാണ് സേനാംഗങ്ങൾ പറയുന്നത്. ചേവായൂരിലും ചിന്തവളപ്പിലുമാണ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ് ഉള്ളത്. എന്നാൽ മറ്റു ക്വാർട്ടേഴ്സുകളും ഉന്നത ഉദ്യോഗസ്ഥർക്ക് സീനിയോറിറ്റി ലംഘിച്ച് അനുവദിച്ചു കൊടുക്കാറുണ്ട്. അത് കൂടാതെയാണ് ഓഫീസർമാർ ‘ കയ്യേറ്റം’ തുടരുന്നത്. മിക്ക ക്വാർട്ടേഴ്സുകളിലും അപേക്ഷകരുടെ സീനീയോറിറ്റി പട്ടിക തയ്യാറാക്കുകയോ ക്വാർട്ടേഴ്സ് വിതരണം സുതാര്യമായി നടത്തുകയോ ചെയ്യാത്തത് അനധികൃത കയ്യേറ്റത്തിന് സൗകര്യമാകുകയും ചെയ്യുന്നുണ്ട്. അനധികൃതമായി ക്വാർട്ടേഴ്സിൽ താമസിക്കാൻ സാധിച്ചാൽ ശമ്പളത്തിന്റെ പത്തു ശതമാനം വരുന്ന തുക ഹൗസ് റെന്റ് അലവൻസായി ലഭിക്കുകയും ചെയ്യും. അതാത് ജില്ലാ പോലീസ് അധികാരികളുടെയും വിജിലൻസ് അധികൃതരുടെയും ശ്രദ്ധ പതിയാത്തതുകൊണ്ടാണ് കൂസലില്ലാതെ കയ്യേറ്റം നടക്കുന്നതെന്നാണ് ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close