കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 56 കുപ്പി മാഹി നിർമ്മിത വിദേശ മദ്യവുമായി ഒഡീഷ സോൾഡ സ്വദേശി രവീന്ദ്ര (30 വയസ്സ്)യെ സിറ്റി സ്പഷ്യൽ ആക്ഷൻ ഗ്രൂപ്പും നടക്കാവ് ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇസ്പെക്ടർ എസ്.ബി കൈലാസ്നാഥും ചേർന്ന് പിടികൂടി. മാഹിയിൽ നിന്നും മദ്യം വാങ്ങി വരുന്നതിനിടയിൽ കോഴിക്കോട് മാവൂർ റോഡ് ശ്മശാനം റോഡിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
മാങ്കാവും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും, നാട്ടുകാർക്കിടയിലും മദ്യവില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്ര.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിമരുന്നിൻ്റെ ഉപയോഗവും വില്പനയും വർദ്ധിച്ചു വരുന്നതായി പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൂടാതെ രാത്രി ഏറെ വൈകിയും ഇവരുടെ താമസസ്ഥലത്തേക്ക് മറ്റു ഭാഗത്തുള്ള തൊഴിലാളികൾ വന്നു പോകുന്നതും ബഹളം വെക്കുന്നതുമായുള്ള നാട്ടുക്കാരുടെ പരാതികൾ പോലീസിന് ലഭിച്ചിരുന്നു.
ജില്ല പോലീസ് ഡപ്യൂട്ടി കമ്മീഷണർ ഡോ.ശ്രീനിവാസ് ഐപി എസ് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരിവില്പനയും ഉപയോഗവും തടയുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.ഇതേ തുടർന്ന് ഇവരുടെ താമസ സ്ഥലങ്ങളിലെല്ലാം രഹസ്യമായി പോലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു. മദ്യവില്പന നടത്തുന്ന രവീന്ദ്ര മാഹി ഭാഗത്തേക്ക് പോയതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് നിരീക്ഷിച്ചു വരവെ പോലീസിൻ്റെ കണ്ണുവെട്ടിച്ച് മാവൂർറോഡ് ശ്മശാനം റോഡിലൂടെ മദ്യവുമായി നടന്നു വരുന്നതിനിടയിലാണ് പിടിയിലാവുന്നത്.
അമിത ലാഭം പ്രതീക്ഷിച്ച് വിൽപന ഉദ്ദേശത്തോടെ മദ്യം വാങ്ങി കൊണ്ടുവന്നതിന് ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാഹിയിൽ നിന്നും ബോട്ടിലിന് 150 രൂപക്ക് ലഭിക്കുന്ന മദ്യം 500 മുതൽ 600 രൂപക്ക് വരെയാണ് വില്പന നടത്തുന്നത്.ഇയാളെ ചോദ്യം ചെയ്തതിൽ ഇത്തരത്തിൽ ജോലിക്കൊന്നും പോകാതെ മദ്യവും മയക്കുമരുന്നും വിൽപ്പന നടത്തി മാത്രം പണമുണ്ടാക്കുന്ന ഒരുസംഘം തന്നെ ഇവരുടെ ഇടയിൽ അതിഥി തൊഴിലാളികളുടെ മറവിൽ കേരളത്തിൽ പല സ്ഥലങ്ങളിലും ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ലഹരിവില്പന നടത്തുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായും അസി.കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,രാകേഷ് ചൈതന്യം,നടക്കാവ് സ്റ്റേഷനിലെ എഎസ്ഐമാരായ അനിൽകുമാർ,ദിനേശൻ ഇ സി,സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്.എം,പ്രഭാഷ് യു കെ, സൈബർ സെല്ലിലെ വിനീഷ് വി.കെ എന്നിവരുമുണ്ടായി രുന്നു.
………………………………………….
*ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിൽ പല കുറ്റകൃത്യങ്ങളിലും ഏർപ്പെട്ട് തൊഴിലിനെന്ന വ്യാജേന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാതൊരു ജോലിക്കും പോകാതെ ലഹരിവില്പന മാത്രം നടത്തി ജീവിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.ഇത്തരം സംഘങ്ങൾക്കെതിരെ അന്വേഷണം പോലീസ് നടത്തി വരുന്നതാണ്. ഇവരുടെ താമസസ്ഥലത്ത് ഒരു റൂമിൽ തന്നെ നിരവധി ആളുകൾ തിങ്ങി നിറഞ്ഞ് താമസിക്കുന്നതിനാൽ റൂമുകൾ പരിശോധിക്കാൻ വളരെയധികം പ്രയാസമാണ്. വ്യക്തമായ രേഖകളില്ലാതെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് താമസസ്ഥലം നൽകുന്നവർക്കെതിരെ കർശന നടപടി പോലീസ് സ്വീകരിച്ചു വരുന്നുണ്ട്