കോഴിക്കോട്: അമൃത് പദ്ധതിയിൽ കോതി, ആവിക്കൽ എന്നിവിടങ്ങളിൽ പണിയുന്ന മലിന ജല സംസ്ക്കര പ്ലാന്‍റുകൾക്കുള്ള നിർമ്മാണകാലാവധി ആറ് മാസം കൂടി നീട്ടി നൽകാനും കാരാർ തുക വർധിപ്പിക്കാനും സർക്കാറിനോട് അപേക്ഷിക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രക്ഷോഭങ്ങൾ കാരണം പണിതുടങ്ങാനാവാത്തതിനാലും
കരാറുകാരുടെ വീഴ്ചയല്ലാത്തതിനാലും സമയം നീട്ടിക്കൊടുക്കാനും 2018 ലെ വില നിലവാരവുമായി തട്ടിച്ച് നോക്കി അധിക തുട അനുവദിക്കാനുമാണ് മേയർ ഡോ. ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിന്‍റെ തീരുമാനം. 13 യു.ഡി.എഫ് കൗൺസിലർമാരുടെ വിയോജിപ്പോടെയാണ് തീരുമാനം. എൽ.ഡി.എഫിനൊപ്പം ബി.ജെ.പിയും തീരുമാനത്തെ അനുകൂലിച്ചു. ഒമ്പത് മാസത്തേക്കുള്ള നിർമ്മാണക്കരാർ കാലാവധി കഴിയുന്ന സാഹചര്യത്തിൽ കരാറുകാരായ സീമാക് ഗ്രൂപ്പിന്‍റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി മാറ്റിവക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, സോഫിയ അനീഷ് എന്നിവർ ആവശ്യപ്പെട്ടു. അമൃത് പദ്ധതിയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കിയ കൺസൾട്ടൻസിയായ റാംബയോജിക്കൽസിനെ കരിമ്പട്ടികയിൽ പെടുത്തി ശുചിത്വ മിഷൻ പാനലിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ കോതി, ആവിക്കൽ പ്ലാന്‍റുനിർമ്മാണം ഒഴിവാക്കി പ്രക്ഷോഭകർക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷധിച്ചു. സത്യസന്ധമല്ലാത്ത കാര്യങ്ങളുൾക്കൊള്ളുന്നതാണ് പ്രമേയമെന്ന് കാണിച്ച് അനുമതി നിഷധിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷധമുയർത്തി. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം റാംബയോജിക്കൽസിന്‍റെ ഡി.പി.ആർ അനുസരിച്ച് പദ്ധതി പുരോഗമിക്കുമ്പോൾ കോഴിക്കോട്ടേത് മാത്രം എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് മേയർ പറഞ്ഞു. കോഴിക്കോട്ടെ പദ്ധതിയുടെ പേരിലല്ല കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തതിയതെന്നും മേയർ പറഞ്ഞു.സരോവരത്തെ മലിന ജല പ്ലാന്‍റ് പണിയാനുള്ള പ്ലാന്‍റ് പണിയാൻ തുക അധികരിപ്പിച്ച് 160 കോടിയാക്കി നൽകാനും കൗൺസിൽ തീരുമാനിച്ചു. മാൻഹോൾ ഉയരം കൂട്ടലും മറ്റുമായി 50 കോടി അധികം വേണ്ടി വരുമെന്ന വാട്ടർ അതോറിറ്റി അറിയിച്ചതിനെ തുടർന്നാണിത്. ഞെളിയൻ പറമ്പിൽ മാലിന്യത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കാനുള്ള പ്ലാനറിന്‍റെ നിർമ്മാണ കാലാവധിയും നവംബർ 15 വരെ നീട്ടിനൽകാൻ തീരുമാനമായി. ചാരിറ്റിയുടെ മറവിൽ എടക്കാട് ഭാഗത്ത് പ്രായമുള്ളവരെ താമസിപ്പിച്ച് പണപിരിവ് നടത്തുന്ന കാര്യത്തിൽ ടി.മുരളീധരൻ ശ്രദ്ധ ക്ഷണിച്ചു. മാനാരി ശ്മശാനം സംരക്ഷിക്കണമന്നാവശെപ്പട്ട് രമ്യ സന്തോഷും നഗരത്തിലെ ഇലക്ട്രിക് പോസ്റ്റിൽ നമ്പർ ഇടാത്ത കാര്യത്തിൽ പി.കെ. നാസറും ശ്രദ്ധ ക്ഷണിച്ചു. കോഴിക്കോട് താലൂക്കിൽ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അപേക്ഷ സ്വീകരിക്കാത്ത കാര്യത്തിൽ എൻ.സി.മോയിൻ കുട്ടി, റോഡിൽ കേബിളുകൾ തൂങ്ങിക്കിടക്കുന്നതിനെപ്പറ്റി കെ.റംലത്ത്, സാമൂഹ്യ സുരക്ഷ പെൻഷൻ സെറ്റ് ഓപ്പൺ ആയിട്ടില്ലെന്ന് എം.ബിജു ലാൽ, സൗത്ത് ബീച്ചിലെ അനധികൃത കെട്ടിടം പൊളിച്ച് നീക്കണമെന്ന് എസ്.കെ. അബൂബക്കർ എന്നിവരും ശ്രദ്ധ ക്ഷണിച്ചു. ഡെപ്യൂട്ടിമേയർ സി.പി.മുസാഫർ അഹമ്മദ്, കെ.മൊയ്തീൻ കോയ, സി.പി.സുലൈമാൻ എന്നിവരും സംസാരിച്ചു. നഗരത്തിലെ 2812 ഉന്തു വണ്ടിക്കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും തീരുമാനിച്ചു. മെഡിക്കൽ കോളജിന്‍റെ കിഴക്ക് മായനാട് ഫുട്ബാൾ കളിക്കുന്ന പുറമ്പോക്ക് സ്ഥലം ഗ്രൗണ്ടിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.എം.സോമൻ അവതരിപ്പിച്ച പ്രമേയം കൗൺസിൽ അംഗീകരിച്ചു.