കെ. ഷിന്റുലാൽ
കോഴിക്കോട് : മുഖം രക്ഷിച്ചു തലയിലൊരു പൊൻതൂവൽ ചൂടാനായി, മോഷണം പോയ ഹെൽമെറ്റിനു പിന്നാലെ ഓടി പോലീസ്.
പിഎസ് സി പരീക്ഷാർഥിയുടെ അവസരം നഷ്‍ടപ്പെടുത്തിയെന്നതും പിടികിട്ടാപ്പുള്ളിയെ
പിടിക്കാമെന്നായപ്പോൾ പോലീസുകാരെ തിരിച്ചു വിളിച്ചതുമുൾപ്പെടെ വിവാദം ചൂടി നിൽക്കുന്ന കോഴിക്കോട് സിറ്റി പോലീസാണ് ജനപ്രതിനിധിയുടെ ഒരു ഹെൽമെറ്റിനായി നെട്ടോട്ടം ഓടുന്നത്.
സാധാരണ ഹെൽമെറ്റ് മോഷണത്തിൽ, കേസ് രജിസ്റ്റർ ചെയ്യാത്ത പോലീസ് വിവാദം ഒഴിവാക്കാനായി കേസെടുക്കുകയായിരുന്നു. കേസ്
രജിസ്റ്റർ ചെയ്തതിന് പിന്നാലെ എസ്ഐയും സംഘവും ഊർജിത അന്വേഷണവും ആരംഭിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനാവാത്തതാണ് ഇപ്പോൾ പോലീസിനെ അലട്ടുന്നത്. സർക്കാർ ഖജനാവിലേക്ക് പെറ്റിയിലൂടെ വരുമാനം കണ്ടെതുന്നതിനുള്ള
കറവപശുവായി പോലീസ് കാണാറുള്ള ഹെൽമെറ്റ് ഇതോടെ പോലീസിനും ഖജനാവിനും ബാധ്യതയായി മാറി.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹോട്ടലിൽ യോഗത്തിനായെത്തിയ ജനപ്രതിനിധിയുടെ ഹെൽമെറ്റ് മോഷണം പോകുകയായിരുന്നു. സിസിടിവി പരിശോധനയിൽ ഹെൽമെറ്റ് മോഷ്ടിക്കുന്നതും തുടർന്ന് ബൈക്കിൽ മോഷ്ടാവ് രക്ഷപ്പെടുന്നതും കണ്ടെത്തി. ബൈക്കിന്റെ നമ്പർ പരിശോധിച്ചപ്പോൾ ഹെൽമെറ്റ് മോഷ്ടിച്ച യുവാവ് തിരൂർ സ്വദേശിയാണെന്നും കണ്ടത്തി. ഇയാളെ ബന്ധപ്പെട്ടപ്പോൾ ഹെൽമെറ്റ് തിരിച്ചു തരാമെന്നു ഉറപ്പും നൽകി. എന്നാൽ ഹെൽമെറ്റുമായി യുവാവ് വന്നില്ല. തുടർന്ന് വിവരം
ജനപ്രതിനിധി പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസും മോഷ്ടാവിനെ ബന്ധപ്പെട്ട് ഹെൽമെറ്റ് തിരികെ തരാൻ ആവശ്യപ്പെട്ടു. എന്നാൽ ഹെൽമെറ്റ് തിരിച്ചു നൽകിയില്ല.
ഹെൽമെറ്റ് മോഷണം മാത്രമായതിനാൽ പോലീസ് ആദ്യം കേസ് എടുത്തില്ല. ഔദ്യോഗികമായി പരാതി നൽകിയിട്ടും കേസെടുക്കാത്തത്തിൽ ജനപ്രതിനിധി
ഇടഞ്ഞു. ഇതോടെ വിഷയം മേലുദ്യോഗസ്ഥർ അറിഞ്ഞു. കേസ് എടുക്കാതെ തൊണ്ടിമുതലുമായി മോഷ്ടാവ് വരുന്നത് കാത്തിരിക്കുന്ന സ്റ്റേഷനിലുള്ളവർക്ക് മേലുദ്യോഗസ്ഥനോട് കണക്കിന് കേൾക്കുകയും ചെയ്തു. ഇതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്തു ജനപ്രതിനിധിയുടെ പരാതിയിൽ യുവാവിനെ പ്രതി ചേർത്ത് കേസ് എടുത്തു. അന്വേഷണത്തിനായി പോലീസുകാരും എസ്ഐ യും പ്രത്യേകം സമയവും കണ്ടെത്തി.
തൊണ്ടിമുതൽ ‘കടത്തിയ ‘ ബൈക്കിന്റെ ഉടമയുടെ മൊഴിയെടുക്കാനും പ്രതിയായ യുവാവിന്റെ വീട് കണ്ടെത്താനുമായി ഖജനാവിനെ ആശ്രയിച്ചു
അന്വേഷണവും ആരംഭിച്ചു. അതിനിടെ മോഷ്ടാവായ യുവാവ് എറണാകുളത്താണെന്ന് വിവരവും ലഭിച്ചു. തിരിച്ചെത്താൻ വൈകിയാൽ ഹെൽമെറ്റ് മോഷ്ടാവിനെ തേടി പോലീസിന് എറണാകുളം വരെ പോകേണ്ട അവസ്ഥയിലാണ് പോലീസ്. ഇനി പ്രതിയെ പിടികൂടിയാൽ തന്നെ കോടതിയിലേക്കും ജയിലേക്കുമെല്ലാം പോകാൻ പോലീസ് സമയവും ഫണ്ടും കണ്ടെത്തണം. ഒരു ഹെൽമെറ്റ് വാങ്ങാനുള്ള ചെലവിനെക്കാൾ പതിൻമടങ്ങ് സർക്കാർ ഖജനാവിന് നഷ്ടം വരുമെങ്കിലും ജനപ്രതിനിധിയുടെ പരാതി ഗൗനിച്ചില്ലെന്ന വിവാദം ഒഴിവാക്കാനും മേലുദ്യോഗസ്ഥരുടെ ആക്ഷേപത്തിന് വഴിയൊരുക്കാതെയും
‘ ഒരു കുറ്റവാളിയും നിയമത്തിനു മുന്നിൽ രക്ഷപ്പെടരുതെന്ന ‘ വചനം ഉരുവിട്ട് മാരത്തോൺ ഓട്ടത്തിലാണ് പോലീസുകാർ.