കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എം.കെ.രാഘവൻ എം.പി. ലക്കും ലഗാനുമില്ലാത്ത രീതിയിൽ എന്തും പറയുന്ന മനുഷ്യനായി അദ്ദേഹംമാറി. മാധ്യമങ്ങളെ വെല്ലുവളിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ മാധ്യമപ്രവർത്തകരോട് ഗെറ്റൗട്ട് പറയുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ വലുപ്പം അദ്ദേഹം അറിയാതെപോയെന്നും ഒട്ടേറെ പ്രഗത്ഭമതികൾ ഇരുന്ന കസേരയാണതെന്ന് ഓർക്കണമെന്നും എം.കെ.രാഘവൻ പറഞ്ഞു.
മീഡിയവൺ, കൈരളി ചാനൽ ലേഖകരെ വാർത്താസമ്മേളനത്തിൽ നിന്ന് അവഹേളിച്ച് പുറത്താക്കിയ ഗവര്‍ണറുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂനിയൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്കല്ല, മെന്റൽ ക്ലിനിക്കണ് വേണ്ടതെന്ന് യോഗത്തിൽ സംസാരിച്ച മുൻ എം.എൽ.എ എ. പ്രദീപ് കുമാർ പറഞ്ഞു. ധനമന്ത്രി ബാലഗോപാലിനനെ പുറത്താക്കണമെന്നാണ് ഗവർണർ പറയുന്നത്. അതിന് കാരണം രാജ്ഭവനിൽ ഡെന്റൽ ക്ലിനിക് തുടങ്ങാൻ പണം അനുവദിക്കാത്തതാണ്. ആ പണം അനുവദിക്കണം. എന്നിട്ട് മെന്റൽ ക്ലിനിക് തുടങ്ങണം-അദ്ദേഹം പറഞ്ഞു.
ഗവർണറുടെ മാധ്യമ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുമായി കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ജില്ല ആസ്ഥാനങ്ങളിൽ മാധ്യമ പ്രവർത്തകർ പ്രകടനവും പ്രതിഷേധ യോഗവും നടത്തിയത്.
ജില്ല പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന മുൻ പ്രസിഡന്റ് കമാൽ വരദൂർ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടൻ ജില്ല വൈസ് പ്രസിസന്റ് മുഹമ്മദ് അസ്‌ലം, ട്രഷറർ പി.വി നജീബ്, തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന സമിതി അംഗങ്ങളായ ഋതികേഷ്, കൃപ നാരായണൻ, പി.പി.ജുനൂബ്, ജില്ലാ നേതാക്കളായ വിധുരാജ്, ടി. മുംതാസ്, നിസാർ കൂമണ്ണ, സി. ആർ രാജേഷ്, കെ.എസ്. രേഷ്മ, കെ.എസ്. ചിഞ്ചു, അമർജിത്ത്, പി.കെ.സജിത്ത് തുടങ്ങിയവർ നേത്യത്വം നൽകി.