KERALAlocaltop news

സാമൂഹ്യ മാധ്യമങ്ങളിലൂടെ സമ്പന്നരായ മധ്യവയസ്ക്കകളെ ” വീഴ്ത്തി ” ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

* വീഴ്ത്തിയത് മമ്മുട്ടിയുടെയും മോഹൻലാലിന്റെയും സ്വരത്തിൽ വീഡിയോ പ്രചരിപ്പിച്ച്

കോഴിക്കോട് : ഇൻസ്റ്റാഗ്രാം , ഫേസ് ബുക്ക് തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിൽ സ്വന്തം വീഡിയോകൾ പ്രചരിപ്പിച്ച് സമ്പന്നരായ മധ്യവയസ്ക്കകൾക്ക് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവാവിനെ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ അരക്കിണർ സ്വദേശി ചാക്കീരിക്കാട് പറമ്പിലെ പ്രസീത ഹൗസിൽ അശ്വിൻ വി.മേനോനെ ( 31 ) യാണ് ബേപ്പൂർ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ വലയിലാക്കിയത്.                       ദുബൈയിൽ താമസിച്ച് മമ്മുട്ടിയുടെയും മോഹൻലാലിന്റെയും പ്രസിദ്ധമായ ഡയലോഗുകൾ ചേർത്ത് നിർമിച്ച സ്വന്തം വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് വിവാഹ മോചനത്തിന്റെ വക്കിലെത്തി നിൽക്കുന്നവരും , വിവാഹ പ്രായം കഴിഞ്ഞ വരുമായ സമ്പന്നകളെ വലയിലാക്കി ലക്ഷങ്ങളും ആഡംബര കാറുകളുമടക്കം ഇയാൾ തട്ടിയെടുത്ത് വന്നത്. 2018 ൽ പരിചയപ്പെട്ട കോട്ടയം സ്വദേശിനിക്ക് വിവാഹ വാഗ്ദാനം നൽകി ഒമ്പതര ലക്ഷം രൂപ കൈവശപ്പെടുത്തുകയും, വിവാഹകാര്യം സൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ തടി കൂടുതലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2020 ൽ ഇയാൾ പത്തനംതിട്ട സ്വദേശിനിയേയും, 2021 ൽ – ന്യൂസിലാന്റിൽ താമസിക്കുന്ന മറ്റൊരു മലയാളി യുവതിയേയും വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്തതായി കണ്ടെത്തി . നിലവിൽ ഇയാൾ കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വനിതാ കാർഡിയോളജിസ്റ്റിനെ വലയിലാക്കി ഡോക്ടരുടെ ആഡംബര കാറുമായി കറങ്ങുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ച ഇൻസ്പക്ടർ വി. സിജിത് പ്രതിയെ എത്രയും വേഗം പിടികൂടാൻ എസ് ഐ ഷുഹൈബിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. എസ് ഐ മാരായ ഷൈജു, ജയപ്രകാശൻ , എ എസ് ഐ മാരായ മുഹമ്മദ് സുനീർ , ലാലു എന്നിവരടങ്ങുന്ന സംഘമാണ് അതിവിദഗ്ദമായി പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.                                         തുടർന്ന് ഇൻസ്പെക്ടർ വി. സിജിത്ത് അശ്വിന്റെ ഗൂഗിൾ പേ അക്കൗണ്ട് പരിശോധിച്ചപ്പോൾ വനിതാ കാർഡിയോളജിസ്റ്റിൽ നിന്ന് വൻ തുക തട്ടിയെടുത്തതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ കോഴിക്കോട് നല്ലളം – ടൗൺ പോലീസ് പരിധിയിലടക്കം സമാനമായ രീതിയിൽ വിവാഹ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി . കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ സ്വർണക്കടത്ത് കേസിൽ മുൻപ് അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങിയതാണെന്നും കണ്ടെത്തി.     ബി.കോം ബിരുദം മാത്രമുള്ള അശ്വിൻ ഉന്നത വിദ്യാഭ്യാസമുള്ള സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതികളെ വലയിലാക്കി വന്നത്. ദുബൈയിലെ വൻകിട ഹോട്ടലുകളിൽ താമസിച്ചാണ് സിനിമ നടന്മാരുടെ ഓഡിയോ ചേർത്ത വീഡിയോ നിർമ്മിച്ചത്. കലാകാരൻ കൂടിയാണെന്ന് വരുത്തി തീർക്കാൻ സംഗീത ഉപകരണങ്ങൾ വായിക്കുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇയാൾ ദുബൈയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നറിയാൻ ബേപ്പൂർ പോലീസ് ദുബൈ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. തട്ടിപ്പിനിരയായിട്ടും മാനഹാനി ഭയന്ന് നേരിട്ട് പരാതി നൽകാതിരുന്ന നിരവധി സ്ത്രീകൾ ഇനി പരാതി നൽകുമെന്നാണ് സൂചന. കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാന്റിലായ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി പോലിസ് ഉടനെ കസ്റ്റഡിയിൽ വാങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close