KERALAtop news

പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി; പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു

ശബരിമല: നമ്മുടെ പൈതൃക സ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ മുന്തിയ പരിഗണന നല്‍കണമെന്ന് ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരര് നിര്‍ദ്ദേശിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യം നീക്കം ചെയ്യുന്നതിനേക്കാള്‍ പുണ്യമായ പ്രവൃത്തി വേറെയില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ മാലിന്യം സൃഷ്ടിച്ചശേഷം നീക്കം ചെയ്യുന്നതിനേക്കാള്‍ അവ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനത പ്രതിബദ്ധതയോടെ സ്വീകരിച്ച പദ്ധതിയാണ് പുണ്യം പൂങ്കാവനമെന്ന് കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമാകുന്നതായി ചടങ്ങില്‍ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു.

പുണ്യം പൂങ്കാവനം പദ്ധതിയുടെ പരിഷ്കരിച്ച വെബ്സൈറ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു പ്രകാശനം ചെയ്തു. ശബരിമല മേല്‍ശാന്തി ജയരാജ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി റെജികുമാര്‍ നമ്പൂതിരി, ഐ.ജിമാരായ എസ്.ശ്രീജിത്ത്, പി.വിജയന്‍, തമിഴ് നാട് മുന്‍ചീഫ് സെക്രട്ടറി ശാന്ത ഷീലാ നായര്‍, സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി.കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഉദ്ഘാടനചടങ്ങിനുശേഷം ഐ.ജി പി.വിജയന്‍റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടേയും വോളണ്ടിയര്‍മാരുടേയും സംഘം ഭസ്മക്കുളവും പരിസരപ്രദേശങ്ങളും ശുചീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close