കോഴിക്കോട്: വെള്ളിപറമ്പ് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന്‍ നായര്‍ (86) അന്തരിച്ചു. ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യലേഖകനായിരുന്നു. ഏറെ നാളായി ചികിത്സയിലായ അദ്ദേഹം ഇന്ന് ഉച്ചതിരിഞ്ഞാണ് അന്തരിച്ചത്.
കോഴിക്കോട് വെള്ളിപറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തറവാടായ തലാഞ്ചേരിയില്‍ നിന്ന് ജനസംഘത്തില്‍ ആകൃഷ്ടടനായ ഉണ്ണിമാധവന്‍ ആ പ്രദേശത്തെ സംഘ പ്രസ്ഥാനങ്ങളുടെയും ജനസംഘം-ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനുമായി. കോഴിക്കോട് ജനസംഘം ഓഫീസിലെ ആദ്യകാല ചുമതലക്കാരില്‍ ഒരാളായിരുന്നു.
ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യ ലേഖകനായിരുന്നു. ദീര്‍ഘനാളത്തെ സേവനത്തിനു ശേഷം വിരമിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ ട്രഷറര്‍ (1989-90) ആയിട്ടുണ്ട്.
സീനിയര്‍ ജേണലിസ്റ്റ്് യൂണിയന്‍ പഴയകാല പത്രപ്രവര്‍ത്തകനായ കെ.കെ. മേനോന്റെ പേരിലേര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ്, വിജില്‍ ഹ്യൂമന്റൈറ്റ്്‌സ് മനുഷ്യാവകാശ സംഘടനയുടെ പത്രപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ജനസംഘ സംസ്ഥാന ഓഫീസിന്റെ സെക്രട്ടറിയായി, ജില്ലാക്കമ്മിറ്റി അംഗമായിരുന്നു. പരേതയായ സതീദേവിയായിരുന്നു ഭാര്യ.
വിമോചന സമരം, മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരം, കെ.ജി. മാരാരുടെ നേതൃത്വത്തില്‍ നടന്ന വാളയാര്‍ ചെക്‌പോസ്റ്റ് സമരം എന്നിവിടങ്ങളില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.