Politics
വീണ്ടും തസ്കര കുടുംബം ;തമിഴ്നാട് കവർച്ച സംഘം പോലീസ് പിടിയിൽ
കോഴിക്കോട് : കേരളം,തമിഴ്നാട് തുടങ്ങീ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകൾ,ആരാധനാ ലയങ്ങൾ,മാളുകൾ, ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുന്ന നാലംഘ സംഘത്തെ ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണയുടെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ കീഴിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45),മകൾ സന്ധ്യ (25), എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങ ളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻ തോതിൽ കവർച്ച നടക്കുന്നതായി റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതി നായി ജില്ലാ പോലീസ് മേധാവി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനു നിർദ്ദേശം നൽകിയിരുന്നു.ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചു കൊണ്ടിരിക്കെ കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു.
സംഭവത്തിൽ ലഭിച്ച സിസിടിവി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ചേർന്നാണ് കവർച്ച ചെയ്യുന്നതെന്നും ദൃശ്യങ്ങളിൽ നിന്നും പോലീസ് മനസ്സിലാക്കിയിരുന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസ്സിലാ ക്കിയ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും കർണ്ണാടക, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു വരികയായിരുന്നു,
28-02-2023 തിയ്യതി നരിക്കുനിയിൽ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസ്സിൽ വെച്ച് രണ്ട് തമിഴ് സാദൃശ്യമുള്ള സ്ത്രീകൾ പൊട്ടിച്ചെടുക്കുന്നതിനിടയിൽ അവരെ തടഞ്ഞു വെക്കുകയും പോലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.സ്റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തെങ്കിലും യാതൊരു വിധത്തിലും പോലീസിനോട് സഹകരിച്ചിരുന്നില്ല. കവർച്ചക്ക് മാത്രം ഉപയോഗിക്കുന്ന സാധാരണ ഫോണുകൾ ആയതിനാൽ ഫോണിൽ നിന്നും വിവരങ്ങളൊന്നും തന്നെ പോലീസ്റ്റ് കിട്ടിയിരുന്നില്ല.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പോലീസ് മലപ്പുറം മക്കരപ്പറമ്പിലുള്ള മൊബൈൽ ഷോപ്പിലെത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. മുൻപ് മൊബൈൽ ഫോൺ വാങ്ങിയപ്പോൾ കൊടുത്തിരുന്ന മറ്റൊരു മൊബൈൽ നമ്പർ കിട്ടിയെങ്കിലും നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു.അയ്യപ്പൻ ഉപയോഗിച്ചിരുന്ന ആ നമ്പർ ദേവിയേയും, സന്ധ്യയെയും വിളിച്ചിട്ട് കിട്ടാത്തതിനാലായിരുന്നു സ്വിച്ച് ഓഫ് ചെയ്തതും നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചതും.
എന്നാൽ മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്നാട്ടുകാരെ കേന്ദ്രികരിച്ച് രാത്രി മുഴുവൻ നടത്തിയ തിരച്ചലിലൂടെ, പുലർച്ചയോടെ അയ്യപ്പനേയും,മറ്റൊരു ഭാര്യയായ വസന്തയെയും കണ്ടെത്തുന്നതും കസ്റ്റഡിയിലെടുക്കുന്നതും.പ്രദേശത്ത് അന്വേഷിച്ചതിൽ നിന്നും വർഷങ്ങളായി മക്കരപ്പറമ്പ് ഭാഗങ്ങളിൽ മാറിമാറി താമസിച്ചു വരുന്നവരാണെന്നും കോഴിക്കോടും,പാലക്കാടും തുണിക്കച്ചവടവും പാത്ര കച്ചവടവുമാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ചുമാണ് അവിടെ താമസിച്ചിരുന്നത്. ആളുകൾക്ക് ഒരു വിധത്തിലും സംശയംതോന്നാത്ത തരത്തിൽ വേഷം ധരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പെട്ടെന്ന് വേഷംമാറാൻ കയ്യിലുള്ള ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ കരുതുകയും വഴിയിൽ വെച്ച് തന്നെ വേഷം മാറുകയും, മോഡേൺ ഡ്രസുകൾ ധരിച്ചും, മേക്കപ്പ് ചെയ്യാനുള്ള വസ്തുക്കളും കയ്യിൽ കരുതിയുമാണ് സഞ്ചാരം.മക്കരപ്പറമ്പ് സ്കൂളിന് സമീപമുള്ള ലൈൻ മുറി ക്വാർട്ടേഴ്സിലാണ് ഒരു വർഷത്തോളമായി താമസിക്കുന്നത്.പ്രതികളിൽ നിന്നും സ്വർണ്ണം തൂക്കുന്നതിനുള്ള മെഷീൻ,കളവ് ചെയ്ത മൊബൈൽഫോൺ സ്വർണ്ണം,പണം,പഴ്സുകൾ,കട്ടിങ്ടൂൾ,എന്നിവയും പോലീസ് കണ്ടെടുത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്തതിൽ ഇതേ ബസിൽ നിന്നു തന്നെ പണവും രേഖകളുമടങ്ങിയ പേഴ്സും, അത്തോളിപോലീസ് സ്റ്റേഷൻ പരിധിയിൽ ആദകശ്ശേരി അമ്പലത്തിൽ തൊഴാൻ നിൽക്കുന്ന സൗമിനിയെന്ന സ്ത്രീയുടെ മാലകവർന്നതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്.
തിരക്കേറിയ ബസ്സിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് ശേഷം കട്ടർ ഉപയോഗിച്ച് മാല പൊടിക്കലാണ് ഇവരുടെ രീതി.
ഇത്തരം സംഘങ്ങൾ പിടിക്കപ്പെടുമ്പോൾ മൊബൈൽ ഫോണും, സിംകാർഡും നശിപ്പിക്കുകയും പോലീസിന് വിവരങ്ങൾ ലഭിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമായിരുന്നു. സിം കടിച്ചു പൊട്ടിച്ചും മൊബൈൽഫോൺ എറിഞ്ഞു കളയാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ കയ്യിൽ കിട്ടുകയായിരുന്നു.ഫോണിൽ ഒരു തരത്തിലുള്ള വിവരങ്ങളും ഉണ്ടായിരുന്നില്ല.
ചോദ്യം ചെയ്തതിൽ നിന്നും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ നിരവധി കവർച്ചകളെ പറ്റി പ്രതികൾ പോലീസിനോട് സമ്മതിച്ചു.കൂടാതെ ജില്ലയിൽ നടത്തിയ നിരവധി മോഷണങ്ങൾക്കും കവർച്ചക്കും തുമ്പുണ്ടായതായും, കൂടുതൽ വിവരങ്ങൾ ചോദിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത്തരം കവർച്ച നടത്തുന്ന മറ്റൊരു സംഘത്തെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയിരുന്നു.
കൃത്യമായ മേൽവിലാസം ഇല്ലാതെ വീടുകളും ക്വാട്ടേഴ്സുകളും വാടകക്ക് കൊടുക്കുകയും അവിടങ്ങളിൽ താമസിക്കുന്നവരെ കുറിച്ച് വ്യക്തമായ രേഖകൾ സൂക്ഷിക്കാത്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐ പി എസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ ആർ റസ്സൽ രാജ്, കോയക്കുട്ടി,ശ്രീജയൻ പോലീസ് ഓഫീസർ സിനീഷ്
വനിത സിവിൽ പോലീസ് ഓഫീസർമാരായ എം. റംഷിദ, എൻ.വീണ,സന്ധ്യ ജോർജ്ജ്, സൈബർ സെല്ലിലെ രൂപേഷ് നടുവണ്ണൂർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.