കെ.ഷിന്റുലാല്‍
കോഴിക്കോട്: രഹസ്യാന്വേഷണ വിഭാഗത്തില്‍ മൂന്നുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ പോലീസ് ഉ
ദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് എഡിജിപിയുടെ ഉത്തരവ്. ക്രമസമാധനാ ചുമതല വഹിക്കുന്ന എഡിജിപി
എം.ആര്‍. അജിത്കുമാറാണ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകളില്‍ നിയമനക്രമീകരണങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യൂണിഫോം പോലും ധരിക്കാതെ വര്‍ഷങ്ങളായി സ്‌പെഷ്യല്‍ ബ്രാഞ്ചുകളില്‍ സ്ഥിരതാമസമാക്കിയവരെ പടിക്കുപുറത്താക്കാന്‍
സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സോണല്‍ ഐജി, റേഞ്ച് ഡിഐജി എന്നിവര്‍ക്ക്
എഡിജിപി നിര്‍ദേശം നല്‍കിയത്. കാലാവധി പൂര്‍ത്തിയായവരില്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ഇളവുകള്‍
നല്‍േകണ്ടി വന്നാല്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഡ്യൂട്ടിയില്‍ നിന്നും മാറ്റണം. ഇവയുള്‍പ്പെടെ 12 നിര്‍ദേശങ്ങളാണ് പ്രധാനമായും എഡിജിപി ഉത്തരവില്‍ വ്യക്തമാക്കിയത്.
വിവരശേഖരണത്തില്‍ അഭിരുചിയും താത്പര്യവുമുള്ളവരെ മാത്രമേ ജില്ലാ സ്‌പെഷ്യല്‍ബ്രാഞ്ചിലേക്ക് നിയമിക്കാന്‍ പാടുള്ളൂ. കഴിവതും ഇത്തരം പോലീസുകാര്‍ക്ക് അവരുടെ താമസസ്ഥലം ഉള്‍പ്പെടുന്ന സ്‌റ്റേഷനുകളില്‍ നിയമനം നല്‍കാം. 10 കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ള സ്‌റ്റേഷനുകളില്‍ നിയമനം നല്‍കാന്‍ പാടില്ല. അതേസമയം തീവ്രവാദം, വര്‍ഗീയ സംഘര്‍ഷം എന്നീ വിവര ശേഖരണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കാം. ഫീല്‍ഡ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഓരോ സബ്ഡിവിഷനുകളിലും എസ്‌ഐ, എഎസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കാം. ജില്ലാ സ്‌പെഷ്യല്‍ബ്രാഞ്ചുകളില്‍ നിയമിക്കപ്പെടുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്റലിജന്‍സ് കളക്ഷനുമായി ബന്ധപ്പെട്ട് മൂന്ന് മുതല്‍ അഞ്ച് ദിവസംവരെ നീണ്ടു നില്‍ക്കുന്ന പരിശീലനം നല്‍കും. ഉത്തരമേഖലാ ഐജി ഇവര്‍ക്കായി ഒരു പരിശീലനപരിപാടി തയാറാക്കി പരിശീലകരെ നിയമിക്കണം.
സ്‌പെഷ്യല്‍ബ്രാഞ്ച്
കണ്‍ട്രോള്‍ റൂം
ജില്ലാ സ്‌പെഷ്യല്‍ബ്രാഞ്ച് ഓഫീസുകളില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് കണ്‍ട്രോള്‍ റൂം (ഡിസ്ട്രിക്ട് കമാന്‍ഡ് സെന്റര്‍-ഡിസിസി)
ഉണ്ടാകണമെന്നും എഡിജിപി നിര്‍ദേശം നല്‍കി. ഡിസിസിയില്‍ രണ്ടോ മൂന്നോ ഷിഫ്റ്റുകളിലായി എസ്‌ഐ റാങ്കിലുള്ള ഡ്യൂട്ടി ഓഫീസര്‍ ഉണ്ടാകണം. ഡ്യൂട്ടി ഓഫീസറെ സഹായിക്കാന്‍ ഡ്യൂട്ടി അസിസ്റ്റന്റ് ഉണ്ടാകണം. പോലീസ് സ്‌റ്റേഷനുകളില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറേയോ സിവില്‍പോലീസ് ഓഫീസറേയോ നിയമിക്കണം. ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ ശനിയാഴ്ചകളിലും മുഴുവന്‍ സ്‌പെഷ്യല്‍ബ്രാഞ്ച് സ്റ്റാഫുകളേയും ഉള്‍പ്പെടുത്തി യോഗം ചേരണം. കണ്‍ട്രോള്‍ റൂമിന് വേണ്ടി ഒരു നോഡല്‍ഓഫീസറെ നിയമിക്കണം. ഇവരുടെ ലിസ്റ്റ് തയാറാക്കി അയയ്ക്കണമെന്നും എഡിജിപി ഉത്തരവില്‍ വ്യക്തമാക്കി.