കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ചു തെളിവെടുത്തു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയ കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി 1, ഡി 2 ബോഗികളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് വൈകീട്ട് 4.10നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയുമായി എത്തിയത്. ബോഗികൾ നിർത്തിയിട്ട കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ അതീവ സുരക്ഷാസംവിധാനങ്ങളോടെയാണ് പ്രതിയെ എത്തിച്ചത്.ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടിവ് ട്രെയിനിൽ യാത്രക്കാർക്കുനേരെ തീകൊളുത്തിയത്. തുടർന്ന് രണ്ടു വയസ്സുകാരി ഉൾപ്പടെ മൂന്നുപേർ പാളത്തിൽ വീണ് മരിക്കുകയും ചെയ്തു. സംഭവം നടന്ന് പത്തുമണിയോടെ ട്രെയിൻ കണ്ണൂരിലെത്തി. സംഭവത്തിനിടെ പൊള്ളലേറ്റ ഷാരൂഖ് സെൽഫിയും അതേ ട്രെയിനിൽ കണ്ണൂരിലെത്തിയെന്നാണ് പൊലീസ് നിഗമനം.
ഏപ്രിൽ മൂന്നിന് പുലർച്ചെ 1.40ന് കണ്ണൂരിൽനിന്ന് മരുസാഗർ എക്സ്പ്രസിൽ അജ്മീർ ലക്ഷ്യമിട്ട് പ്രതി പുറപ്പെട്ടെന്നും സംശയിക്കുന്നു. ഇതിനിടെ രണ്ടു മണിക്കൂറിലധികം കണ്ണൂർ റെയിൽവേ
സ്റ്റേഷനിൽ പ്രതി കഴിഞ്ഞുവെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ഈ സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് തുടരുകയാണ്. പ്രതിയെ എത്തിക്കുന്നതിനു മുന്നോടിയായി റെയിൽവേ സ്റ്റേഷനിൽ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. അതേസമയം സംഭവം നടന്ന് പത്ത് ദിവസമായിട്ടും ഇരുട്ടിൽ തപ്പിക്കൊണ്ടിരിക്കുന്ന കേരള പോലീസിലെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ വൻ വിമർശനം ഉയർന്നു. കേസ് അട്ടിമറിയ്ക്കാൻ ആസൂത്രണം നടക്കുന്നതായി ഒരു വിഭാഗം പോലീസ് തന്നെ ചൂണ്ടിക്കാട്ടുന്നു. നയതന്ത്ര സ്വർണകടത്ത് കേസിൽ ആരോപണ വിധേയതായി മുൻപ് തസ്തിക മാറ്റപ്പെട്ട നടപടി നേരിട്ടയാളെ പ്രത്യേക അന്വേഷണ സംഘതലവനാക്കിയതാണ് സംശയത്തിന് കാരണം. എം’ ആർ. അജിത് കുമാറാണ് പ്രത്യേക അന്വേഷണ സംഘതലവൻ. ഇദ്ദേഹം മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഒളിച്ചുകളിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.