KERALAlocaltop news

ഇന്നസെന്റ്: പേരിനെ അന്വർത്ഥമാക്കിയ ജീവിതം

കോഴിക്കോട് :

പേരിലെ “നിഷ്കളങ്കത” ജീവിതത്തിലുടനീളം പുലർത്തിയ മഹാനായ കലാകാരനായിരുന്നു ഇന്നസെന്റ് എന്ന് പ്രശസ്ത സിനിമ താരം കോഴിക്കോട് നാരായണൻ നായർ അനുസ്മരിച്ചു.  കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സംഘടിപ്പിച്ച ഇന്നസെന്റ് അനുസ്മരണവും ” കാൻസർ വാർഡിലെ ചിരി” എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്നസെന്റ് : എഴുത്തും ജീവിതവും” എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീകാന്ത് കോട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. “കാൻസർ വാർഡിലെ ചിരി”യുടെ സഹരചയ്താവ് കൂടിയായ ശ്രീകാന്ത് കോട്ടക്കൽ, ഇന്നസെന്റ് എന്ന ബഹുമുഖ പ്രതിഭയുമായുള്ള തന്റെ ഓർമ്മകൾ പങ്കുവെച്ചു. കാൻസർ രോഗമുൾപ്പെടെ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളും വേദനകളും തന്റെ നൈസർഗ്ഗികമായ നർമ്മത്തിലൂടെ മറുമരുന്നാക്കി മാറ്റുകയായിരുന്നു ഇന്നസെന്റ്.  മഹാരോഗങ്ങളുടെ പിടിയിൽപ്പെട്ട് തളർന്നുപോകുന്ന മനുഷ്യരിലേക്ക്  പ്രതീക്ഷയുടെ ഊർജപ്രസരണം നടത്തുന്ന പുസ്തകം എന്ന നിലയിൽ  “കാൻസർ വാർഡിലെ ചിരി” ക്ക് വലിയ സാമൂഹിക പ്രസക്തിയുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

ഒരു ചലച്ചിത്ര താരം എന്നതിലുപരി ഗൗരവമായ വായന അർഹിക്കുന്ന എഴുത്തുകാരൻ കൂടിയാണ് ഇന്നസെന്റ് എന്ന് പ്രശസ്ത സാഹിത്യകാരൻ കെ.ജി രഘുനാഥ് വിലയിരുത്തി. സ്വന്തം ജീവിതാനുഭവങ്ങളെ അവയുടെ തീവ്രത അല്പം പോലും ചോരാതെ നർമ്മത്തിന്റെ മേമ്പൊടി  ചേർത്ത് അവതരിപ്പിക്കുവാൻ തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹത്തിനായി. തന്നെയും ഫാബിയെയും കഥാപാത്രങ്ങളാക്കി വൈക്കം മുഹമ്മദ് ബഷീർ ജീവിതത്തിലെ നേരും നർമവും കേരളത്തിലെ കുടുംബങ്ങൾക്കുള്ളിലേയ്ക്ക് സന്നിവേശിപ്പിച്ചതുപോലെ ഇന്നസെന്റും ആലീസും  കേരളത്തിലെ കുടുംബങ്ങൾക്കുള്ളിൽ ചിരിയും ചിന്തയും   പടർത്തിയെന്ന് ഹരീന്ദ്രനാഥ് വിലയിരുത്തി.
എഴുത്തുകാരൻ എന്ന നിലയിലുള്ള ഇന്നസെന്റിന്റെ ജീവിതത്തെ സമഗ്രമായി വിലയിരുത്താൻ മുൻകൈയെടുത്ത കാലിക്കറ്റ് ബുക് ക്ലബ്ബും അതിന് പിന്തുണ നൽകിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സാംസ്കാരിക കൂട്ടായ്മയായ സെക്കന്റ്‌ പെന്നും അഭിനന്ദനമർഹിക്കുന്നുവെന്ന് പ്രശസ്ത അഭിനേതാവ് ഇല്ലിക്കെട്ട് നമ്പൂതിരി പറഞ്ഞു. ജീവിത യാത്രയിൽ തളർന്ന് പോകുന്ന മനുഷ്യർക്ക് പ്രത്യാശയുടെ പ്രകാശഗോപുരമായി ഉയർന്നു നിൽക്കുന്നതായിരുന്നു ഇന്നസെന്റിന്റെ കലാ ജീവിതം. ജീവിതം കാത്തു നിൽക്കുമ്പോൾ എങ്ങിനെയാണ് നമുക്ക് മരിക്കാനാവുക എന്നതായിരുന്നു ഇന്നസെന്റിന്റെ ജീവിതം വീക്ഷണം. ഡോ.എൻ.എം സണ്ണി കൂട്ടിച്ചേർത്തു.

ടിപി മമ്മു മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.വി.ആർ. കാൻസർ സെന്ററിന്റെ പ്രവർത്തനങ്ങളിൽ ഇന്നസെന്റ് ചെയ്ത സഹായം , മലബാർ ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ  സി.ഇ.ചാക്കുട്ടി ഓർമ്മിപ്പിക്കുകയുണ്ടായി. ഹാസ്യം മാത്രമല്ല ഗൗരവമുള്ള കഥാപാത്രങ്ങളും അനായാസേനെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള നടനായിരുന്നു ഇന്നസെന്റ് എന്ന് പ്രമുഖ നാടക പ്രവർത്തകനായ  വിൽസൺ സാമുവൽ വിലയിരുത്തി. ഡോ.കെ.സുഗതൻ,.ഹരിദാസൻ നമ്പ്യാർ, ബാലു പൂക്കാട്, മോഹനൻ പുതിയോട്ടിൽ, എൻ.സോമസുന്ദരം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close