
കോഴിക്കോട്: നല്ലളം പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ അസം സ്വദേശി ലാൽപ്പെട്ടയിൽ നസീദുൽ ഷെയ്ഖ് (23 വയസ്സ്) നെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചെറുവണ്ണൂരിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ 2024 ഒക്ടോബർ മാസം തട്ടിക്കൊണ്ടുപോയി ഹരിയാനയിലുള്ള പ്രതിയുടെ പാതാവിനെ ഏൽപ്പിക്കുകയും പിതാവ് 25,000 രൂപയ്ക്ക് പെൺകുട്ടിയെ വിൽക്കുകയും തുടർന്ന് അവർ തന്റെ വീട്ടിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയുമായിരുന്നു. ഈ കേസ്സിൽ പ്രതിയ്ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾകൂടി ചുമത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ നല്ലളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോൾത്തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ഈ കേസ്സിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നല്ലളം പോലീസ് ആസ്സാമിലെത്തുകയും അസാം പോലീസിന്റെ സഹായത്തോടെ 2024 നവംബർ മാസം 06-ാം തിയ്യതി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അസാമിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രാമദ്ധ്യ പ്രതി ബിഹാറിലെ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്താറായപ്പോൾ ശൗചലയത്തിലേക്ക് പോകണമെന്നു പറയുകയും, ശൗചാലയത്തിലേക്ക് പോകുകയാണെന്ന വ്യജേന തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
നല്ലളം പോലീസ് പ്രതിയെ പറ്റി തുടർച്ചയായി അന്വേഷണം നടത്തുകയും, സൈബർ സെല്ലിന്റെ ശാസ്ത്രീയ പരിശോധനയിൽ പ്രതി അസാമിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയുമായിരുന്നു. ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ സിദ്ദിഖ്. വി- യുടെ മേൽനോട്ടത്തിൽ നല്ലളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമിത് കുമാറിന്റ നേതൃത്വത്തിൽ SI സുനിൽ കുമാർ, SCPO മാരായ സഫീൻ, സുകേഷ് എന്നിവർ 2025 ഏപ്രിൽ 26 ന് അസാമിലെത്തുകയുമായിരുന്നു. പ്രതിയുടെ ബന്ധുക്കളോടും നാട്ടുകാരോടും അന്വേഷിച്ചെങ്കിലും പ്രതിയെകുറിച്ച് കുടുതൽ വിവരങ്ങളൊന്നും കിട്ടിയില്ല. പോലീസ് തന്നെ അന്വേഷിച്ച് അസാമിലെത്തിയിട്ടുണ്ടെന്ന വിവരം മനസ്സിലാക്കിയ പ്രതി മൊബൈൽ സ്വിച്ച് ഓഫാക്കി മുങ്ങുകയായിരുന്നു. പ്രതിയെ അന്വേഷിച്ച് നൂറ് മുതൽ ഇരുനൂറോളം കിലോമീറ്ററുകൾ ദിനം പ്രതി യാത്ര ചെയ്ത അന്വേഷണ സംഘം 11 ദിവസത്തെ അന്വേഷണത്തിനൊടുവിൽ അസം ബാർപ്പേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ കായക്കുച്ചി എന്ന ഗ്രാമത്തിലെ സുഹൃത്തിന്റെ വീടിനടുത്തുള്ള മുളകുപാടത്ത് ഒളിച്ചുനിൽക്കുകയായിരുന്ന പ്രതിയെ അസം പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഈ കേസ്സിലെ മൂന്നാം പ്രതി നേരത്തേ അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.