കെ. ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്തെ ജയില്‍ ജീവനക്കാര്‍ക്കാര്‍ക്ക് ശാസ്ത്രീയവും മനശാസ്ത്രപരവുമായ പരിശീലനം നല്‍കുന്ന സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ (സിക്ക) സെന്റര്‍ അടച്ചുപൂട്ടാന്‍ നീക്കം. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലേയും സിക്കയുടെ രണ്ട് മേഖലാ എക്‌സ്‌റ്റെന്‍ഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. 2010 ല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ആരംഭിച്ച സിക്ക സെന്ററുകളാണിപ്പോള്‍ യാതൊരു മുന്‍വിധിയുമില്ലാതെ അടച്ചുപൂട്ടാനൊരുങ്ങുന്നത്. മുന്‍എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ മികച്ച നേട്ടങ്ങളിലൊന്നായി കാണുന്ന സിക്ക കേന്ദ്രങ്ങള്‍ക്കെതിരേ ചില ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരേ ജയില്‍ ജീവനക്കാര്‍ക്കും ഭരണാനുകൂല സംഘടനയ്ക്കും കടുത്ത വിയോജിപ്പാണുള്ളത്.
ഒരേ ഘട്ടത്തില്‍ 150 പേര്‍ക്ക് പരിശീലനം നല്‍കും വിധത്തിലായിരുന്നു സിക്ക സെന്ററുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത്. ജയില്‍ ആസ്ഥാനത്തെയും കണ്ണൂരിലേയും സിക്ക സെന്ററുകളില്‍ 60 പേര്‍ക്ക് വീതവും വിയ്യൂരില്‍ 30 പേര്‍ക്കും വീതവും പരിശീലനം നല്‍കുന്ന വിധത്തിലായിരുന്നു സൗകര്യങ്ങള്‍ ഒരുക്കിയത്. എന്നാല്‍ കണ്ണൂരിലേയും വിയ്യൂരിലേയും സെന്ററുകള്‍ അടച്ചുപൂട്ടി തിരുവനന്തപുരത്ത് 100 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ഇപ്പോള്‍ തീരുമാനം. പഠനമുറികളും പരേഡ് ഗ്രൗണ്ടും 60 പേര്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളോടു കൂടിയായിരുന്നു രണ്ടിടത്തേയും സിക്ക സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ ഇവിടെയുള്ള സെന്ററുകളിലെ കമ്പ്യൂട്ടറും മറ്റുപകരണങ്ങളുമെല്ലാം ഉപയോഗിക്കാതെ നശിച്ചുപോകുന്ന അവസ്ഥയിലാണുള്ളത്. അതേസമയം കണ്ണൂര്‍ സെന്ററിലെ തോക്കുകളുടെ എണ്ണവും മറ്റും ജയില്‍ ആസ്ഥാനത്ത് നിന്നും അന്വേഷിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്ററിലേക്ക് ഇവ മാറ്റുന്നതിന് മുന്നോടിയായാണിതെന്നാണ് ജീവനക്കാര്‍ സംശയിക്കുന്നത്.
13 വര്‍ഷത്തിനുള്ളില്‍ വിയ്യൂരില്‍ ഏഴും കണ്ണൂരില്‍ എട്ടും ബാച്ചുകളുടെ പരിശീലനവും ഇക്കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുതുതായി നിയമിക്കപ്പെട്ട അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് ആവശ്യമായ അറിവ്, കഴിവുകള്‍, മനോഭാവം, പരസ്പര സമ്പര്‍ക്കം എന്നിവ ലഭ്യമാകുന്ന രീതിയിലാണ് മൂന്ന് സിക്ക സെന്ററുകളിലും അടിസ്ഥാന പരിശീലന കോഴ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒന്‍പത് മാസത്തെ പരിശീലനമാണ് നല്‍കി വരുന്നത്. സര്‍വീസില്‍ കയറി രണ്ടുവര്‍ഷത്തിന് ശേഷം കഴിഞ്ഞു മാത്രമായിരുന്നു നേരത്തെ ഓരോ ജീവനക്കാര്‍ക്കും പരിശീലനം ലഭിച്ചിരുന്നത്. രണ്ട് മേഖലാ സെന്ററുകള്‍ കൂടി ആരംഭിച്ചതോടെ യഥാസമയം പരിശീലനം നല്‍കാനും അത്‌വഴി ജീവനക്കാര്‍ക്ക് കുറ്റവാളികളുമായി ഇടപെടുന്നതിനും മറ്റു ജോലികള്‍ക്കും വേണ്ട അറിവ് നേടാനും സാധിച്ചിരുന്നു. എന്നാല്‍ പരിശീലന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകവഴി പരിശീലനത്തില്‍ കാലതാമസം നേരിടുകയും അത് ജയില്‍ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. പ്രധാന ക്രിമിനല്‍ നിയമങ്ങള്‍, സൈക്കോളജി, സോഷ്യോളജി, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, മനുഷ്യാവകാശം , തെറ്റുതിരുത്തല്‍ പ്രക്രിയയും തടവുകാരുടെ ചികിത്സയും പരിചരണവും, പ്രഥമശുശ്രൂഷ, പൊതു ശുചിത്വം, ശുചീകരണം, കുടുംബാസൂത്രണം തുടങ്ങി കോഴ്‌സുകളും സിവില്‍ സര്‍വീസ് നിയമങ്ങളുംചട്ടങ്ങളും, സൈബര്‍ കുറ്റകൃത്യവും സുരക്ഷയും, സ്റ്റോര്‍ പര്‍ച്ചേയ്സ് നിയമങ്ങള്‍, ആദായനികുതി നിയമങ്ങള്‍, സമ്മര്‍ദ്ദവും സമയ മാനേജുമെന്റും, വിവരാവകാശ നിയമം, സേവന അവകാശ നിയമം, ഇംഗ്ലീഷ് ആശയവിനിമയം, ഫോറന്‍സിക് സയന്‍സ് ആന്‍ഡ് മെഡിസിന്‍ എന്നീ പ്രത്യേകവും പ്രസക്തവുമായ വിഷയങ്ങളെക്കുറിച്ചുള്ള ഹ്രസ്വകാല കോഴ്‌സുകളുമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കായികപരിശീലനം , നിരായുധ പോരാട്ടം തുടങ്ങി ഔട്ട്‌ഡോര്‍ ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും പരിശീലനത്തിന്റെ ഭാഗമാണ് .