Politics
മയക്കുമരുന്നുകള്‍ സൂക്ഷിക്കാൻ 10 ‘നിലവറ’ ഗോഡൗണുകള്‍ക്ക് ചുറ്റും എക്സൈസിന്റെ അതീവ ജാഗ്രത
സുരക്ഷക്കായി ഡബിൾ ലോക്കും സി സി ടി വിയും
കെ. ഷിന്റുലാല്‍
കോഴിക്കോട് : കോടികള്‍ മൂല്യമുള്ള സിന്തറ്റിക് ഡ്രഗ്സ് ഉള്‍പ്പെടെ സംസ്ഥാനത്തെ എക്സൈസ് വിഭാഗം പിടികൂടുന്ന മയക്കുമരുന്നുകള്‍ ഇനി ഭദ്രമായി സൂക്ഷിക്കാന്‍ 10 ഗോഡൗണുകള്‍ . പോലീസ് ക്യാമ്പുകളിലായിരുന്നു ഇതുവരേയും എക്സൈസ് പിടികൂടിയ മയക്കുമരുന്നുകള്‍ സൂക്ഷിച്ചത്. സാങ്കേതിക കാരണങ്ങളാലും മറ്റും ഇത് പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അനുമതിയോടു കൂടി 10 ഗോഡൗണുകള്‍ എക്സൈസ് ആരംഭിച്ചത്.
ഇപ്രകാരം ആരംഭിച്ച ഗോഡൗണുകള്ളില് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് മയക്കുമരുന്നുകള്‍ സൂക്ഷിക്കുന്നത്. അതീവസുരക്ഷയാണ് ഗോഡൗണുകള്‍ക്ക് എക്സൈസ് ഒരുക്കിയിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് പുതുതായി ഗോഡൗണുകള്‍ ആരംഭിച്ചത്. അതേസമയം ഗോഡൗണുകളില്ലാത്ത പാലക്കാട്, മലപ്പുറം ഡിവിഷനുകള്‍ക്ക് തൃശൂരും, വയനാട്, കോഴിക്കോട് ഡിവിഷനുകള്‍ക്ക് കണ്ണൂരുമാണ് ഗോഡൗണ്‍ സൗകര്യമുള്ളത്. ഗോഡൗണുകളുടെ ചുമതല എക്സൈസ് സര്‍ക്കിള്‍ ഇസ്പക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്മാര്ക്കാണ്. മയക്കുമരുന്നുകളുമായി പിടിച്ചെടുത്ത വാഹനങ്ങള്‍ ഒഴികെയുള്ള മുതലുകളാണ് ഗോഡൗണില്‍ സൂക്ഷിക്കുന്നത്. ഗോഡൗണുകളുടെ സുരക്ഷ സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ എസ്. അനന്തകൃഷ്ണന് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്ന് വസ്തുക്കള്‍ സൂക്ഷിക്കുന്ന അലമാര അടച്ചുറപ്പുള്ളതും ഡബിള്ലോക്കുള്ളതുമാവണം. കൂടാതെ അലമാരയുള്ള മുറിയ്ക്കും ഡബിള്‍ലോക്ക് സംവിധാനം ഉണ്ടായിരിക്കേണ്ടതാണ്. ഇതിന് പുറമേ ഗോഡൗണ്‍ പ്രദേശം വ്യക്തമായി കാണുന്ന വിധത്തില്‍ സിസിടിവി സ്ഥാപിക്കണം. 30 ദിവസത്തെ ഡാറ്റ സംഭരിക്കാന്‍ ശേഷിയുള്ള സിസിടിവി സംവിധാനമായിരിക്കണം ഒരുക്കേണ്ടത്.
കേസുകള്‍ പിടികൂടുന്ന ഉദ്യോഗസ്ഥന് 48 മണിലക്കൂറിനുള്ളില് ഗോഡൗണിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് തൊണ്ടിമുതലുകള്‍ കൈമാറണം. പ്രത്യേകം നിഷ്കര്‍ഷിച്ച മെമ്മോയും ഇതിെനാപ്പം നല്‍കണം. രേഖകളില്‍ പരാമര്‍ശിച്ച വിധത്തിലുള്ളതാണ് തൊണ്ടിമുതലെന്ന് ഗോഡൗണ്‍ ചുമതലയുള്ള ഉദ്യോഗസ്ഥന് ഉറപ്പുവരുത്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണം.
ഗോഡൗണിന്റെ പരിശോധനാ ചുമതല ബന്ധപ്പെട്ട ഡിവിഷനിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ക്കാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ അസി.കമ്മീഷണറുടെ ചാര്‍ജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും ചുമതല. മൂന്നുമാസത്തിലൊരിക്കല്‍ പരിശോധന നടത്തേണ്ടതും മുതലുകളുടെ സുരക്ഷ, ഭദ്രത, വേഗത്തിലുള്ള കൈയൊഴിക്കല്‍ എന്ന പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ഇന്സ്പക്ഷന് റിപ്പോര്‍ട്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മുഖേന എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. പിടിച്ചെടുത്ത മയക്കുമരുന്നുള്ള പെട്ടിയില്‍ നിന്നും പാക്കറ്റില്‍ നിന്നും സാമ്പിളും ഡ്യൂപ്ലിക്കേറ്റ് സാമ്പിളും പ്രത്യേകം ശേഖരിക്കണം. കഞ്ചാവ് പോപ്പിസ്ട്രാ, ഹാഷിഷ് എന്നിവ 40 പാക്കറ്റുകള്‍ വരെ ഒരുകെട്ടാക്കി സാമ്പിള്‍ ശേഖരിക്കാം. കഞ്ചാവ്, ഓപ്പിയം, ഹാഷിഷ് എന്നിവയ്ക്ക് ഓരോ സാമ്പിളിനും 24 ഗ്രാമും മറ്റുള്ള മയക്കുമരുന്നുകള്‍ അഞ്ച് ഗ്രാമില്‍ കുറയാതെ സാമ്പിളായും ഡ്യുപ്ലിക്കേറ്റായും സൂക്ഷിക്കേണ്ടതാണെന്നും കമ്മീഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.