KERALAlocaltop news

വിദ്യാഭ്യാസ കോഴയ്ക്കെതിരെ ചാട്ടവാറുമായി താമരശേരി രൂപതാ വൈദികൻ

കോഴിക്കോട് : . വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സീറോ മലബാർ സഭാ നേതൃത്വത്തിനെതിരെ ചാട്ടവാറുമായി താമരശേരി രൂപതാ വൈദികൻ . സഭാ നേതൃത്വത്തിന്റെ ചൂഷണങ്ങളിൽ മനം നൊന്ത് ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം ഏറ്റെടുത്ത ഫാ. അജി പുതിയാപറമ്പിൽ എന്ന യുവ വൈദികനാണ് ലേഖനത്തിലൂടെ സഭാ നേതൃത്വത്തിനെതിരെ ചാട്ടവാർ പ്രയോഗം ആരംഭിച്ചത്. ജറുസലേം ദേവാലയം അടക്കി വാണിരുന്ന പുരോഹിതരായ കച്ചവടക്കാർക്കും നാണയ മാറ്റക്കാർക്കുമെതിരെ യേശുക്രിസ്തു നടത്തിയ ചാട്ടവാർ പ്രയോഗത്തെ അനുസ്മരിപ്പിക്കുന്നതാണ് ഫാ. അജിയുടെ ലേഖനം .                                           ലേഖനം താഴെ –       

*ശുദ്ധീകരണം അനിവാര്യമായ സഭയുടെ വിദ്യാഭ്യാസ മേഖല*

കേരളത്തിലെ ക്രൈസ്തവ സഭകൾ കേരളത്തിനും രാജ്യത്തിനും നല്കിയ ഏറ്റവും വലിയ സംഭാവന വിദ്യാഭ്യാസമാണ്. പള്ളിക്കൊപ്പം പള്ളിക്കൂടം സ്ഥാപിക്കുകയും അവിടെ നാനാജാതി മതസ്ഥരെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുകയും ചെയ്തപ്പോൾ നാട്ടിലെവിടെയും ഒരു പുതിയ സൂര്യോദയമുണ്ടായി. എന്നാലിന്ന് ഏറ്റവും അധികം ശുദ്ധീകരണം ആവശ്യമുള്ള ഒരു മേഖലയായി സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിയിരിക്കുന്നു. ക്രിസ്തുവിന് അഹിതങ്ങളായ പലതും ഇന്ന് അവിടെ നടക്കുന്നു.
അധ്യാപക നിയമനത്തിന് U .P , H.S, HSS വിഭാഗങ്ങളിൽ യഥാക്രമം 10 ലക്ഷം, 15 ലക്ഷം, 40 ലക്ഷം രൂപ വരെ വാങ്ങുന്ന രൂപതകളും സന്യാസ സഭകളുമുണ്ട്. PG , UG കോഴ്സുകളുടെ അഡ്മിഷന് മുന്നും അഞ്ചും ലക്ഷം വീതം വാങ്ങുന്ന ക്രിസ്ത്യൻ കോളേജുകളുണ്ട്. + 1 ന് മാനേജ്മെന്റ് സീറ്റിൽ ഇരുപതിനായിരവും മുപ്പതിനായിരവും വാങ്ങുന്ന സഭാ സ്കൂളുകളുണ്ട്. എന്തിനധികം നേഴ്സറി ക്ലാസ്സുകളിലെ അഡ്മിഷനു വരെ വലിയ തുക ( ഒരു ലക്ഷം വരെ) വാങ്ങുന്ന ഫൈവ് സ്റ്റാർ സ്ഥാപനങ്ങളുമുണ്ട്.

ഇപ്രകാരം ആയിരങ്ങളും ലക്ഷങ്ങളും നല്കി സീറ്റുകൾ നേടേണ്ടി വരുന്നവരുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളും കണ്ണീരും സഭാപിതാക്കൻമാർ കണ്ടില്ലെന്ന് നടിക്കരുത്. ക്രിസ്തു ഇതെല്ലാം കാണുന്നുണ്ട് എന്ന കാര്യം നിങ്ങൾ ഒരിക്കലും മറക്കരുത്. ഈ കൊടിയ അനീതിയെ നിശ്ശബ്ദരായി ജനങ്ങൾ സഹിക്കുന്നത് അവർക്ക് മറ്റു മാർഗ്ഗമില്ലാത്തതു കൊണ്ടാണ്. ഗതികേട് കൊണ്ടാണ്. അല്ലാതെ തങ്ങൾ അനുഭവിക്കുന്ന അനീതിയെപ്പറ്റി അറിവില്ലാത്തതു കൊണ്ടല്ല. ഇങ്ങനെ പണം കൊടുത്ത് അഡ്മിഷൻ വാങ്ങേണ്ടിവരുന്ന യുവജനങ്ങൾക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സഭയോടും സഭാ സംവിധാനങ്ങളോടും തോന്നുന്ന ഒരു ജുഗുപ്സയുണ്ടല്ലോ അത് വളരെ വളരെ വലുതാണ്.
ഇനിയും ഈ അനീതി നിർബാധം തുടർന്നു കൂടാ. ഇത് അവസാനിപ്പിച്ചേ മതിയാവു. എങ്കിലേ യുവജനങ്ങളുടെയും കുട്ടികളുടെയും മുമ്പിൽ ക്രിസ്തുവിന്റെയും സഭയുടെയും മുഖം സുന്ദരമാകൂ. വി. ഡോൺ ബോസ്കോ പറയുന്നുണ്ട്. യുവജനങ്ങളെ നാം സ്നേഹിച്ചാൽ മാത്രം പോരാ; സ്നേഹിക്കപ്പെടുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. ഇടയലേഖനങ്ങളിലൊതുങ്ങുന്ന വ്യർത്ഥമായ യുവജന സ്നേഹം കൊണ്ട് ഇനി ഒരു പ്രയോജനവുമില്ല. വാക്കിലല്ല പ്രവൃത്തിയിലാണ് നാം അവരെ സ്നേഹിക്കേണ്ടത്. ഗവൺമെന്റ് സംവിധാനങ്ങളുടെ പരാജയത്തോടൊപ്പം സഭാ സംവിധാനങ്ങളിലെ ഈ അനീതിയും യുവജനങ്ങളുടെ വിദേശത്തേയ്ക്കുള്ള പലായനത്തിന് കാരണമാകുന്നുണ്ടെന്നത് നാം മനസ്സിലാക്കണം

പ്രിയ സഭാപിതാക്കൻമാരേ, നിങ്ങൾക്ക് ആർജ്ജവമുണ്ടെങ്കിൽ ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കാവുന്ന ഒരു കാര്യമാണിത്. ഇക്കാലയളവിൽ എത്രയോ സിനഡുകളും കോൺഫറൻസുകളും നിങ്ങൾ കൂടി. എന്നിട്ടും എന്തേ സത്യത്തെയും നീതിയെയും ഇത്രമാത്രം ചവിട്ടിയരയ്ക്കുന്ന, യുവമനസ്സുകളിൽ ക്രിസ്തുവിന്റെയും അവിടുത്തെ ശരീരമായ സഭയുടെയും മുഖം വളരെയേറെ വികൃതമാക്കുന്ന ഈ തിന്മയ്ക്കെതിര നിങ്ങൾ ചെറുവിരൽ പോലും അനക്കാതിരുന്നത്. കാരണം ഇതെല്ലാം നടന്നത് നിങ്ങളുടെ അറിവോടെയും അനുവാദത്തോടെയും ആയിരുന്നു.

സന്യാസ സഭകളിലെ പ്രൊവിൻഷ്യൽ സുപ്പീരിയർമാരേ, നിങ്ങൾക്ക് പരിമിതികൾ ഉണ്ടെന്നറിയാം. എങ്കിലും മനസ്സു വച്ചാൽ നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ ജീർണ്ണതയിൽ നിന്നും ശുദ്ധീകരിക്കാൻ നിങ്ങൾക്ക് സാധിക്കും.

എന്നാൽ ഇക്കാര്യം ഉറപ്പായും നടപ്പിലാക്കാൻ ശക്തിയുള്ള മൂന്നാമതൊരു കൂട്ടരുണ്ട്. അവരിലാണ് എന്റെ മുഴുവൻ പ്രതീക്ഷയും . അത് നിങ്ങളാണ്. സഭയുടെ അധികാര കേന്ദ്രങ്ങളിൽ നേരിട്ട് പങ്കാളിത്തമില്ലാത്ത സാധരണക്കാരായ വൈദികരും സന്യാസ്തരും അല്മായരും അടങ്ങുന്ന സഭാസമൂഹം. ലോകത്തിലെ സകല മാറ്റങ്ങളും ആരംഭിച്ചതും നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ ആരംഭിച്ചതും അതിന്റെ ഏറ്റവും അടിസ്ഥാന വിഭാഗത്തിൽ നിന്നാണ്. ഇവിടെ സഭയുടെ ശുദ്ധീകരണം നിങ്ങളിൽ നിന്ന് ആരംഭിക്കട്ടെ. മാമ്മോദീസ സ്വീകരിച്ച എല്ലാവരും പുരോഹിതരാണ്. പുരോഹിതൻമാർ എല്ലാവരും പ്രവാചകരുമാണ്. അതുകൊണ്ട് നിങ്ങൾക്ക് ദൈവം നിങ്ങൾക്ക് നല്കിയിരിക്കുന്ന പ്രവാചക ദൗത്യം നിങ്ങൾ ധീരതയോടെ നിർവ്വഹിക്കണം. സഭയുടെ വേദികൾ ഇതിനായി നിങ്ങൾ പ്രയോജനപ്പെടുത്തണം.
യുവജനങ്ങളേ നിങ്ങൾ ശക്തരാണ്. എല്ലാ മാറ്റങ്ങളുടെയും ചാലക ശക്തിയാകാൻ നിങ്ങൾക്ക് സാധിക്കും. പണമല്ല മെറിറ്റാകണം മാനദണ്ഡമെന്ന് നിങ്ങൾ നിർബന്ധം പിടിക്കണം. സഭാതലവനായ പത്രോസിൽ കുറ്റം കണ്ടപ്പോൾ അതിനെ മുഖത്തു നോക്കി എതിർത്ത പൗലോസിനെ (ഗലാത്തിയ 2:11 – 12) നമുക്ക് മാതൃകയാക്കാം. പക്ഷെ ഇതെല്ലാം സഭയോടുള്ള സ്നേഹത്തെ പ്രതിയാകണം. ഉള്ളത് മുഖത്തു നോക്കി പറഞ്ഞപ്പേഴും വി. പൗലോസിന് വി.പത്രോസിനോടുള്ള സ്നേഹത്തിന് കുറവുണ്ടായില്ല എന്നതും നാം മനസ്സിലാക്കണം

ഏറ്റവും ന്യായമായ ഫീസ് മാത്രം വാങ്ങി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിരവധി സഭാസ്ഥാപനങ്ങുണ്ട്. ഉദാഹരണത്തിന് ഈശോ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിയമനങ്ങൾക്കോ അഡ്മിഷനോ നിയമാനുസൃതമായ ഫീസല്ലാതെ യാതൊരു പണവും വാങ്ങാറില്ല. ഈ അടുത്ത കാലത്ത് ഒരു ഈശോസഭാ വൈദികൻ എന്നോട് പറഞ്ഞു ” അല്പം പണം വാങ്ങാനുള്ള പ്രലോഭനം ഞങ്ങൾക്കും ഉണ്ടാകുന്നുണ്ട് ” എന്ന്. പ്രിയപ്പെട്ട ഈശോസഭാഗംങ്ങളേ, ദയവായി ചതിക്കരുത്. ഉദാഹരണം പറയാൻ വേണ്ടിയെങ്കിലും നിങ്ങൾ നിലനില്ക്കണം. എന്റെ അറിവിൽ കേരളത്തിലെ രണ്ട് രൂപതകളിലും ചുരുക്കം ചില സന്യാസ സഭകളിലും അധ്യാപക . നിയമനത്തിന് പണം വാങ്ങാറില്ല.

മറ്റു വിദ്യാഭ്യാസ ഏജൻസികളേക്കാൾ കുറഞ്ഞ തുകയാണ് സഭാസ്ഥാപനങ്ങളിൽ വാങ്ങുന്നത് എന്ന് പറഞ്ഞ് ചിലർ സഭയെ ന്യായ്യീകരിക്കാൻ ശ്രമിക്കാറുണ്ട്. അവർ മനസ്സിലാക്കേണ്ടത് ക്രിസ്തുവിന് മുമ്പിൽ ശരി ഒന്നേയുള്ളൂ. വലിയ ശരിയും ചെറിയ ശരിയുമില്ല. സത്യത്തിന് ഒരു മുഖം മാത്രമേയുള്ളൂ. തന്നെയുമല്ല ഏറ്റവും വലിയ നീതിമാനായ ക്രിസ്തുവിനെ അനുഗമിക്കുന്ന സഭ മറ്റുള്ളവർക്ക് കൂടി വെളിച്ചമാകാൻ വിളിക്കപ്പെട്ടവരാണ് എന്നതും നാം മറക്കരുത്. (മത്തായി. 5:16)

ഒരിക്കൽ ഒരു ബിഷപ്പ് എന്നോട് ചോദിച്ചു ” പണമില്ലാതെ എങ്ങനെ സ്ഥാപനം നടത്തും.? ശരിയാണ് ! സ്ഥാപനങ്ങൾ നടത്താൻ പണം ആവശ്യമാണ്. അതിന് ഒരു ഉത്തരമേയുള്ളു. എല്ലാ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിൽ ആശ്രയിക്കുക. പണത്തിൽ ആശ്രയിക്കാതിരിക്കുക. ഒരു പരസ്യക്കാശ് പോലും വാങ്ങാതെ ശാലോം ടെലിവിഷൻ നടക്കുന്നില്ലേ? അന്യായമായി ഒരു കാശു പോലും വാങ്ങാതെ പി.യു തോമസ് എന്ന അല്മായന്റെ നേതൃത്വത്തിൽ കോട്ടയത്ത് ആയിരങ്ങൾക്ക് മരുന്നും ഭക്ഷണവും നല്കുന്നില്ലേ ? ഇതു പോലെ ഒരുപാട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും.
സാധരണക്കാരായ വിശ്വാസികൾ ക്രിസ്തുവിൽ മാത്രം ആശ്രയിച്ച് അനേകം വലിയ കാര്യങ്ങൾ ചെയ്യുന്നു. എന്നാൽ നമ്മളോ ???
ഇനി ഒരു സ്ഥാപനം ക്രിസ്തുവിന്റെ മാർഗ്ഗത്തിൽ നടത്താൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഒട്ടും താമസിക്കേണ്ട ; ആ സ്ഥാപനം നിഷ്ക്കരുണം അടച്ചു പൂട്ടുക.

പിൻകുറിപ്പ്: ലക്ഷങ്ങൾ നല്കി സഭാ സ്കൂളിൽ നിയമനം നേടുന്ന അധ്യാപകരുടെ കണ്ണീരും സ്കൂൾ മുറ്റത്ത് ചിതറിക്കിടക്കുന്നത് നാം കാണാതിരിക്കരുത്. ഗവൺമെന്റ് അംഗീകാരം ലഭിക്കുന്നതു വരെ സൗജന്യമായി പഠിപ്പിക്കാൻ അവർ നിർബന്ധിതരാകുന്നു. വണ്ടിക്കൂലിക്കും ഭക്ഷണത്തിനും വേണ്ടുന്ന പണം പോലും അവർക്ക് ലഭിക്കുന്നില്ല. ഇത് ഒരു തരം നിർബന്ധിത അടിമപ്പണിയാണ് . വിശപ്പ് സഹിക്ക വയ്യാതെ സ്വന്തം വിദ്യാർഥിയുടെ ഭക്ഷണപ്പൊതി മോഷ്ടിക്കേണ്ടി വന്ന അധ്യാപകന്റെ ഗതികേടിന്റെ പുരാതന കേരള കഥകൾ ഈ ആധുനിക കേരളത്തിലും ആവർത്തിച്ചു കൂടായ്കയില്ല.

“നീതിക്ക് വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ; അവർക്കു സംതൃപ്തി ലഭിക്കും ” (മത്തായി 5: 6)

ഫാ. അജി പുതിയാപറമ്പിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close