കോഴിക്കോട് : ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സോഷ്യൽ സയൻസിൽ ബി എഡുമുള്ള
അധ്യാപികയെ ഹൈസ്ക്കൂൾ അസിസ്റ്റന്റ് (ഇംഗ്ലീഷ്) എന്ന തസ്തികയിൽ നിയമിക്കണമെന്ന ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ അസിസ്റ്റന്റ് കെ.കെ. ജ്യോതി നൽകിയ പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് (ഡി.ഇ.ഒ)ഉത്തരവ് നൽകിയത്. 1999 മുതൽ ഇംഗ്ലീഷ് പഠിപ്പിച്ചുവരുന്ന തനിക്ക് തുടർന്നും ഇംഗ്ലീഷ് പഠിപ്പിക്കാൻ അവസരം നൽകണമെന്നാണ് ആവശ്യം.
കമ്മീഷൻ താമരശ്ശേരി ഡി.ഇ.ഒ. യിൽ നിന്നും റിപ്പോർട്ട് വാങ്ങി. 1999 ജൂൺ 1 ന് പരാതിക്കാരിയെ പേരാമ്പ്ര ഹൈസ്ക്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായാണ് മാനേജർ നിയമിച്ചതെന്നും ഇതിന് അംഗീകാരമുണ്ടെന്നും ഡി.ഇ.ഒ. അറിയിച്ചു. പിന്നീട് ഇംഗ്ലീഷ് ഭാഷയെ കോർ വിഷയമായി അംഗീകരിച്ചതോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമുള്ള പരാതിക്കാരിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കത്ത് പ്രകാരം സ്കൂൾ മാനേജർ ഹൈസ്കൂൾ അസിസ്റ്റന്റ് (ഇംഗ്ലീഷ് ) ആയി 2011 ൽ തസ്തിക മാറ്റം അനുവദിച്ചു. എന്നാൽ ഇംഗ്ലീഷിൽ ബി.എഡ് ഇല്ല എന്ന കാരണത്താൽ പരാതിക്കാരിയുടെ നിയമനം ഡി.ഇ.ഒ. നിരസിച്ചു. 2009 ജനുവരി 5 ന് സർക്കാർ ഉത്തരവ് പ്രകാരം എച്ച്. എസ്. ടി. ഇംഗ്ലീഷ് തസ്തികയുടെ യോഗ്യതയിൽ മറ്റ് വിഷയങ്ങളിലുള്ള ബി.എഡ്. യോഗ്യത ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരി ഉൾപ്പെടെ 8 സോഷ്യൽ സയൻസ് അധ്യാപകരാണ് സ്കൂളിലുള്ളതെന്നും പരാതിക്കാരിയെ ഇംഗ്ലീഷിലേക്ക് മാറ്റിയാൽ 7 അധ്യാപകരെ കൊണ്ട് സോഷ്യൽ സയൻസ് പഠിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും സ്കൂൾ ഹെഡ്മാസ്റ്റർ കമ്മീഷനെ അറിയിച്ചു.