കോഴിക്കോട് : സീറോ മലബാർ സഭയിലെ കുട്ടികൾക്കുള്ള മതബോധന ക്ലാസുകളുടെ സിലബസ് പൊളിച്ചെഴുതണമെന്ന് പ്രവാചക ദൗത്യം ഏറ്റെടുത്ത താമരശേരി രൂപതാ വൈദികൻ ഫാ അജി പുതിയാപറമ്പിൽ . സഭയിലെ വിദ്യാഭ്യാസ കോഴക്കച്ചവടം തുറന്നു കാണിച്ചതിന് പിന്നാലെയാണ് വൈദികന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റ് . പോസ്റ്റ് ഇങ്ങനെ –
*വേദപാഠ ക്ലാസ്സുകൾ ഇങ്ങനെ പോയാൽ മതിയോ ?*
ഏറ്റവും അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. രാജ്യത്തെ ഏറ്റവും മികച്ച 10 കോളേജുകളെടുത്താൻ അതിൽ മുന്നെണ്ണമെങ്കിലും കത്തോലിക്കാ സഭയുടെ കീഴിലുള്ളതാണ്. വിദ്യാഭ്യാസ രംഗത്ത് ഇത്രയും പ്രാവീണ്യമുള്ള സഭ അതിന്റെ ഭാവി തലമുറയെ വാർത്തെടുക്കേണ്ട വിശ്വാസ പരിശീലന രംഗം എത്രമാത്രം മികവുറ്റതാക്കേണ്ടതായിരുന്നു. എന്നാൽ ദുഃഖകരമെന്ന് പറയട്ടെ സെക്കുലർ വിദ്യാഭ്യാസ മേഖലയിൽ നമുക്കുള്ള മികവിന്റെ നൂറിലൊന്നു മികവു പോലും വിശ്വാസ പരിശീലന രംഗത്ത്
നമ്മൾക്കില്ല.
ഒരുദാഹരണം പറയാം;
” മനുഷ്യാവതാരം ചെയ്ത വചനമാണ് മിശിഹാ ”
ഒരു രൂപതയുടെ
വിശ്വാസോത്സവ പരിപാടിയിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഭാഗമാണിത്. ഇതു വായിക്കുന്ന കുട്ടിക്ക് എന്ത് മനസ്സിലാകാനാണ്? അധ്യാപകർ എങ്ങനെയാണ് ഇക്കാര്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക? ദൈവശാസ്ത്ര ക്ലാസ്സുകളിൽ കൈകാര്യം ചെയ്യേണ്ട സാമാന്യം ദുർഗ്രഹമായ ഒരു വിഷയം രണ്ടാം ക്ലാസ്സിലെ കുട്ടികളെ എന്തിന് പഠിപ്പിക്കുന്നു ? തികച്ചും അശാസ്ത്രീയമായാണ് നമ്മൾ ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നതിന് ഇതിനേക്കാൾ വലിയ ഉദാഹരണം വേണോ? ഇങ്ങനെ ദുർഗ്രഹമായ കാര്യങ്ങൾ പഠിക്കേണ്ടി വരുബോൾ കുട്ടികൾക്ക് വേദപാഠ ക്ലാസ്സുകളോട് തന്നെ വിരസതയുണ്ടാകും.
അതുകൊണ്ട് ഒന്നാമതായി ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടത് ഇപ്പോഴെത്തെ വിശ്വാസ പരിശീലന സിലബസ്സാണ്. ഒരു മതാനുയായിയെ രൂപപ്പെടുത്തുക എന്നതാണ് ഇപ്പോഴെത്തെ സിലബസ്സിന്റെ ലക്ഷ്യമെന്ന് തോന്നും. അതുകൊണ്ടാകാം വേദപാഠ ക്ലാസ്സുകൾക്ക് മതബോധന ക്ലാസ്സുകൾ എന്നൊരു വിളിപ്പേരുണ്ടായത്. എന്നാൽ വേദപാഠ ക്ലാസ്സുകളുടെ യഥാർത്ഥ ലക്ഷ്യം ഒരു നല്ല ക്രിസ്ത്യാനിയെ ഒരു നല്ല ക്രിസ്തു ശിഷ്യനെ രൂപപ്പെടുത്തുക എന്നതാകണം. അതിന് വേണ്ടത് കുട്ടികളുടെ ഭാഷയിൽ ലളിതമായി ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന പാഠങ്ങളാണ്. കുറെയേറെ പ്രാർത്ഥനകൾ പഠിപ്പിക്കുക എന്നതായിരിക്കരുത്
വേദപാഠ ക്ലാസ്സുകളുടെ പരമമായ ലക്ഷ്യം. മറിച്ച് രക്ഷകനും നാഥനുമായ ക്രിസ്തുവിനെ പരിചയപ്പെടുത്തുക എന്നതാകണം . 12 വർഷം കൊണ്ട് ക്രിസ്തുവിനെ മനസ്സിലാക്കാൻ സാധിച്ചാൽ അവർ എല്ലാം പഠിച്ചു കഴിഞ്ഞു എന്നു സാരം. പരീക്ഷയ്ക്ക് അല്പം മാർക്ക് കുറഞ്ഞാലും കുഴപ്പമില്ല.
രണ്ടാമതായി ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടത് ബോധന രീതിയാണ്.
പട്ടാളച്ചിട്ടയിലാണ് ചില വേദപാഠ സ്കൂളുകൾ പ്രവർത്തിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളിൽ 4 തവണയെങ്കിലും ശാസന കേൾക്കേണ്ടി വരുന്ന വേദപാഠ വിദ്യാർത്ഥികളുമുണ്ട്. സ്നേഹം തന്നെയായ ദൈവത്തെ പരിചയപ്പെടുത്തുന്ന വേദപാഠ ക്ലാസ്സുകൾ ഒരിക്കലും ഭയത്തിന്റെ അന്തരീഷത്തിൽ നടത്തരുത്. അച്ചടക്കത്തിനും ഗ്രേഡിനും വേണ്ടിയുള്ള
അമിതോത്സാഹം ഒഴിവാക്കേണ്ടതാണ്. വഴക്കിന്റെയും ശിക്ഷയുടെയും അന്തരീക്ഷത്തിലല്ല വിശ്വാസ പരിശീലനം നടത്തേണ്ടത്. പരസ്യമായ ശാസനയും കുറ്റപ്പെടുത്തലുകളും കുട്ടികളിൽ വിപരീത ഫലമേ ഉളവാക്കൂ.
വിശ്വാസ പരിശീലനം ക്ലാസ്സുകളിലൂടെ മാത്രമേ നടത്താവൂ എന്ന് വാശി പിടിക്കരുത്. കലാപരിപാടികൾ, സന്ദർശനങ്ങൾ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലൂടെയും നടത്താവുന്നതാണ്.
കുട്ടികൾക്ക് വേണ്ടിയുള്ള വി.കർബാന ദൈർഘ്യം കുറഞ്ഞതും പ്രസംഗം കുട്ടികളുടെ ഭാഷയിലുമായാൽ ഏറ്റവും നന്ന്.
നിർബന്ധമായും ക്ലാസ്സുകൾക്കിടയിൽ ഒരിടവേളയുണ്ടായിരിക്കണം. കുട്ടികൾ അല്പനേരം ഓടിക്കളിക്കട്ടെ. ആ സമയത്ത്
ഇടവകയുടെയോ ഏതെങ്കിലും സംഘടനയുടെയോ നേതൃത്വത്തിൽ കുറച്ച് ലഘു ഭക്ഷണവും അവർക്ക് നല്കാവുന്നതാണ്.
സാമ്പത്തിക കാര്യങ്ങളിലും ചില പൊളിച്ചെഴുത്തുകൾ അത്യാവശ്യമാണ്. കേരളത്തിലെ മിക്കവാറും എല്ലാ രൂപതകളിലും ലാഭത്തിൽ പോകുന്ന ഒരു ഡിപ്പാർട്ട്മെന്റായി വിശ്വാസ പരിശീലന കേന്ദ്രം മാറിയിട്ടുണ്ട്. യഥാർത്ഥത്തിൽ സഭ അതിന്റെ മുഴുവൻ പരിശ്രമവും സമ്പത്തും ചെലവഴിക്കേണ്ട വിശ്വാസ പരിശീലന മേഖലയിൽ ലാഭമുണ്ടാകുന്നു എന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും കുട്ടികൾക്കു നല്കുബോൾ ഒരു രൂപയെങ്കിലും നഷ്ടമാണ് വരേണ്ടത്. അതാണ് അതിന്റെയൊരു ശരി.
കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും കുട്ടികൾ നല്കേണ്ട ഫീസുകളും ഒന്നും അവരിൽ നിന്നും ഈടാക്കാതെ ഇടവകകൾക്ക് തന്നെ നേരിട്ട് നല്കാവുന്നതാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ഇടവകൾക്കും അതിനുള്ള സാമ്പത്തിക ശേഷിയുമുണ്ട്. എത്രയോ അപ്രധാനമായ കാര്യങ്ങൾക്കായി നാം പണം ചെലവഴിക്കുന്നു.
നാളത്തെ ഇന്ത്യ രൂപപ്പെടുന്നത് ഇന്നത്തെ ക്ലാസ്സ് മുറികളിലാണ് എന്നു പറഞ്ഞ കോത്താരി കമ്മിഷൻ റിപ്പോർട്ട് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ പുതിയ വസന്തം വിരിയിച്ചു. നാളത്തെ സഭയെ രൂപപ്പെടുത്തുന്നതിൽ ഇന്നത്തെ വിശ്വാസ പരിശീലനത്തിന് വലിയ പങ്കുണ്ട് എന്നത് മറക്കാതിരിക്കാം. സഭാ നേതൃത്വം ഉണർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
” ശിശുക്കളെ എന്റെ അടുത്ത് വരാൻ അനുവദിക്കുവിൻ അവരെ തടയരുത്”
(മത്തായി ; 19:14)
ഫാ. അജി പുതിയാപറമ്പിൽ