KERALAlocaltop news

കാഴ്ചയുടെ അത്ഭുത വിസ്മയങ്ങൾ പകർന്ന് കക്കാട് ജി.എൽ.പി സ്‌കൂളിൽ മാജിക് ഷോ അരങ്ങേറി

മുക്കം: കുഞ്ഞുമക്കളിലും മുതിർന്നവരിലും കാഴ്ചയുടെ അത്ഭുത വിസ്മയങ്ങൾ പകർന്ന് മാജിക് ഷോ. കക്കാട് ഗവ. എൽ.പി സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ രണ്ടാം ദിനത്തിൽ മാജികിന്റെ അത്ഭുത ചെപ്പുതുറന്നത്.
കാഴ്ചക്കാരിൽ കൗതുകവും യുക്തിയും ആഹ്ലാദത്തിന്റെ പുത്തൻ അനുഭൂതിയും പകർന്നുള്ള മാജിക് ഷോക്ക് പ്രമുഖ മാന്ത്രികനും സ്‌റ്റേജ്-തെരുവ് ഷോകളിലൂടെ ശ്രദ്ധേയനുമായ സംസ്ഥാന തല വിസ്മയ അവാർഡ് ജേതാവ് അബ്ദുൽമജീദ് മടവൂർ നേതൃത്വം നൽകി. വൈവിധ്യമാർന്ന വിസ്മയക്കാഴ്ചകളിലൂടെ കാണികളുടെ കണ്ണിലും മനസ്സിലും ഹൃദയത്തിലും സന്തോഷനിമിഷങ്ങൾ പകർന്ന്, സദസ്സിന്റെ നിറഞ്ഞ കയ്യടി നേടാൻ അദ്ദേഹത്തിന്റെ അവതരണത്തിനായി.
മാജികിന്റെ മാന്ത്രിക രഹസ്യങ്ങളുമായി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും, കാഴ്ച്ചക്കാരിൽ പുതിയ അനുഭവങ്ങൾ കോറിയിടാനും ഷോ സഹായകമായി. അറിവും വിനോദവും അത്ഭുതവും ആഹ്ലാദവും ഒരുപോലെ സമ്മാനിച്ച നിമിഷങ്ങളായിരുന്നു മാജിക് ഷോയെന്ന് കുട്ടികൾ സാക്ഷ്യപ്പെടുത്തി.
ധനസമ്പാദനത്തിന് അപ്പുറം മാജിക് നമ്മുടെ ബുദ്ധിവികാസത്തിനും മനുഷ്യമനസ്സിന് സന്തോഷവും പകരുന്ന കലയാണെന്ന് മജീഷ്യൻ മജീദ് ഓർമിപ്പിച്ചു. പ്രേക്ഷകരിൽ മിഥ്യാധാരണങ്ങൾ സൃഷ്ടിച്ച് ഞൊടിയിടയിൽ അത്ഭുദവിദ്യകൾ പുറത്തെടുക്കുന്ന മാന്ത്രിക കലയാണിത്. കൈയടക്കവും വേഗതയും അവതരണ വൈഭവവും മാജിക്കിനെ വേറിട്ടുനിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാജിക് കലയിലൂടെ കുട്ടികളുടെ പഠനവും ബുദ്ധിവികാസവും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആവ്ഷ്‌കരിക്കുന്നത് പരിഗണിക്കാമെന്നും അദ്ദേഹം ചർച്ചയിൽ സംഘാടകർക്ക് ഉറപ്പുനൽകി.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക ജാനീസ് ജോസഫ്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ജനറൽസെക്രട്ടറി സലീം മാസ്റ്റർ വലിയപറമ്പ്, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി ഷംസുദ്ദീൻ മാസ്റ്റർ പ്രസംഗിച്ചു.
സ്‌കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എടത്തിൽ ആമിന ഉദ്ഘാടനം ചെയ്തു.
എൽ.കെ.ജിയിലെയും ഒന്നാം ക്ലാസിലെയും മറ്റു സ്‌കൂളുകളിൽനിന്ന് വന്ന പുതിയ കുട്ടികൾക്കും വർണ്ണക്കുടകളും സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠന ബോക്‌സുകളും ചടങ്ങിൽ വിതരണം ചെയ്തു.
സംസ്ഥാന സ്‌കൂൾ റിസോഴ്‌സ് പേഴ്‌സൺ ഹാഷിദ് മാസ്റ്റർ മാവൂർ, റിട്ട. എച്ച്.എം പി സാദിഖലി മാസ്റ്റർ എന്നിവർ കുട്ടികളുമായി സംവദിച്ചു.
സ്‌കൂൾ രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, എച്ച്.എം ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹക്കീം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് അജേഷ് സർക്കാർപറമ്പ്, കെ.പി.ആർ സ്മാരക വായനശാല ജനറൽസെക്രട്ടറി മഞ്ചറ അഹമ്മദ്കുട്ടി, കക്കാട് പ്രവാസി കൂട്ടായ്മ കോ-ഓർഡിനേറ്റർ ഫൈസൽ കുയ്യിൽ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ഷംസു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ വകയായുള്ള നോട്ടീസ് ബോർഡും ചടങ്ങിൽ സ്‌കൂളിന് സമർപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള കുടകൾ കാരശ്ശേരി ഗ്രാമപഞ്ചായത്തും മറ്റു കുടകളും പഠന ബോക്‌സുകളും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുമാണ് സ്‌പോൺസർ ചെയ്തത്. ചടങ്ങിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close