സ്വന്തം ലേഖകന്‍
കോഴിക്കോട് : തലസ്ഥാന നഗരിയില്‍ നിന്ന് കോഴിക്കോടെത്തി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പൂട്ടാന്‍ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ് ! തിരുവനന്തപുരം ജില്ലയിലെ ശൂരനാട്, ചെറുകര സ്വദേശി ഷാജിമോന്‍ (39) നെതിരേയാണ് ഒരു വര്‍ഷത്തിന് ശേഷം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം. പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രത്തിലേയും പെരുമണ്‍ പുറ മഹാവിഷ്ണു ക്ഷേത്രത്തിലുമായിരുന്നു മോഷണം.
പെരുമണ്ണ ക്ഷേത്രത്തിലെ കലവറയിലും എക്‌സിക്യൂട്ടീവ് ഓഫീസറുടെ മുറിയിലും ശ്രീകോവിലിലുമായിരുന്നു മോഷണം നടത്തിയത്. അഞ്ച് ഭണ്ഡാരങ്ങളാണ് ഇവിടെ നിന്നും പൊളിച്ചത്. 16,000 രൂപയും എക്‌സിക്യൂട്ടീവ് ഓഫീസറുടെ മുറിയിലെ അലമാരയില്‍ നിന്ന് മൂന്ന് ഗ്രാം തൂക്കംവരുന്ന സ്വര്‍ണവുമാണ് മോഷ്ടിച്ചത്.
പെരുമണ്‍പുറ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കുത്തിതുറക്കുകയും കൗണ്ടര്‍വാതിലിന്റെ പൂട്ട്‌പൊളിച്ച് അലമാരയില്‍ സൂക്ഷിച്ച പണവും ഷാജിമോന്‍ മോഷ്ടിച്ചതായാണ് പന്തീരാങ്കാവ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവെയാണ് പ്രതിയുടെ വിരലടയാളം തിരിച്ചറിഞ്ഞത്. ഷാജിമോന്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. വിരലടയാള ബ്യൂറോയില്‍ സൂക്ഷിച്ച വിരലടയാളവുമായി ക്ഷേത്രത്തില്‍ നിന്ന് ശേഖരിച്ച വിരലടയാളം യോജിക്കുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. അതേസമയം പ്രതി എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഷാജിമോനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പന്തീരാങ്കാവ് പോലീസില്‍ ബന്ധപ്പെടണം. ഫോണ്‍: 9497947287, 9497963557 .