കോഴിക്കോട് : മലപ്പുറം ഭാഗത്ത് നിന്നും കോഴിക്കോടെത്തുന്ന 50 കിലോമീറ്റർ ദൂരത്തിൽ കുറവുള്ള റൂട്ടിലോടുന്ന ബസുകൾ കോഴിക്കോട് റയിൽവേ സ്റ്റേഷന് മുന്നിലൂടെ പോകുന്നില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഫെയർസ്റ്റേജ് നിർണ്ണയത്തിലുള്ള അപാകത സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയെ സമീപിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ഫെയർ സ്റ്റേജിലെ അപാകത കാരണം കോഴിക്കോട് നഗരത്തിലെ സിറ്റി, ലൈൻ ബസുകൾ വിവധ റൂട്ടുകളിൽ അധിക തുക ഈടാക്കുകയാണെന്ന പരാതിയിലാണ് നടപടി. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ ഉത്തരവ് പ്രകാരമാണ് ഫെയർ സ്റ്റേജ് നിർണ്ണയിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ഫെയർ സ്റ്റേജ് 2.5 കിലോമീറ്ററാണെന്നും മിനിമം നിരക്ക് 10 രൂപയാണെന്നും പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ തോതിലാണ് നിരക്കെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ടായിത്തോടിനും പുതിയ ബസ് സ്റ്റാന്റിനുമിടയിൽ 3 ഫെയർസ്റ്റേജ് ഉള്ളതിനാൽ പുതിയ ബസ് സ്റ്റാന്റ് വരെ 15 രൂപ ഈടാക്കുന്നുണ്ട്. ഫെയർസ്റ്റേജ് കിലോമീറ്റർ അനുസരിച്ചല്ലാത്തതിനാൽ ചില അപാകതകളുണ്ടെന്ന് റിപ്പോർട്ടിൽ സമ്മതിച്ചു. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചിട്ടുള്ള ഫെയർ സ്റ്റേജ് സംബന്ധിക്കുന്ന അപാകതകൾക്കെതിരെ അപ്പീൽ നൽകാൻ വ്യവസ്ഥയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം ഭാഗത്ത് നിന്നും വരുന്ന ബസുകൾ റയിൽവേ സ്റ്റേഷന് മുന്നിലൂടെ പോയാൽ ട്രെയിൻ യാത്രകൾക്ക് നേരിട്ട് മാവൂർ റോഡ് – മൊഫ്യൂസൽ ബസ് സ്റ്റാന്റിൽ ഇറങ്ങാവുന്നതാണെന്നും പരാതിക്കാരനായ കൊളത്തറ തയ്യിൽതൊടി ജയരാജൻ കമ്മീഷനെ അറിയിച്ചു.