മുക്കം: ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പങ്കെടുന്ന കക്കാട് ജി.എൽ.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ കർമം വമ്പിച്ച വിജയമാക്കാൻ സ്‌കൂളിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. മൂന്ന് കോടിയോളം രൂപ ചെലവ് വരുന്ന വിഷൻ പദ്ധതിക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കായി ഒരു കോടി 34 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികവിന്റെ വഴികളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്താനും വിഷൻ 2025 പദ്ധതി വിഭാവനം ചെയ്യുന്നു.
സ്‌കൂൾ ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണം യോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. മുക്കം എ.ഇ.ഒ ദീപ്തി ടീച്ചർ മുഖ്യാതിഥിയായി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ്, കുന്ദമംഗലം ബി.പി.ഒ മനോജ് മാസ്റ്റർ, സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ്, സ്‌കൂൾ രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി പ്രസംഗിച്ചു.
സ്ഥലം എം.എൽ.എ ലിന്റോ ജോസഫ് മുഖ്യരക്ഷാധികാരിയും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ചെയർപേഴ്‌സണും വാർഡ് മെമ്പർ എടത്തിൽ ആമിന ആക്ടിംഗ് ചെയർപേഴ്‌സണും സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ് ജനറൽകൺവനീറുമായി 151 അംഗ സംഘാടകസമിതിയും രൂപീകരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് സ്വാഗതവും എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖിം നന്ദിയും പറഞ്ഞു.