കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ റൂസ ഫണ്ടിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡൻറ് യൂട്ടിലിറ്റി ആന്റ് ഫെലിസിറ്റേറ്റർ സെന്ററിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. റസ്റ്റ് റൂമുകൾ, യോഗാ റും, റിക്രിയേഷൻ സെന്റർ, നവീന രീതിയിലുള്ള ശുചിമുറികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.
ഉന്നത വിദ്യഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് തൊട്ട് പിന്നിലായി മൂന്നാം സ്ഥാനത്ത് ആണെന്നും,പതിമൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ഏറ്റവും മികച്ചതാണെന്നും മറിച്ചുള്ള തെറ്റായ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും വസ്തുതകൾ നിരത്തി മന്ത്രി പ്രസ്താവിച്ചു. നാക്, എൻ.ഐ.ആർ.എഫ് റാങ്കുകളിൽ കേരളത്തിലെ സർവകലാശാലകളും, കോളേജുകളും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് ഇതിന് തെളിവാണ്.
ഉയർന്ന എൻ.ഐ.ആർ.എഫ്, നാക് റാങ്കുകൾ കരസ്ഥമാക്കിയ ദേവഗിരി കോളേജിന്റെ അക്കാഡമിക് മികവിനെ മന്ത്രി പ്രശംസിച്ചു.
ചടങ്ങിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷനായിരുന്നു.
വാർഡ് കൗൺസിലർ സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഷൈനി കെ. മാത്യു, ഓഫീസ് സുപ്രണ്ട് എ.സി ഷാജി എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ബോബി ജോസ് റൂസ ഫണ്ട് ഉപയോഗിച്ച് കോളേജിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ വിവരണം നടത്തി. ഇതിനകം നാല് കോടി ഇരുപത്തഞ്ച് ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസന നിർമ്മാണ പ്രവർത്തനങ്ങളാണ് കോളേജിൽ നടത്തിയിട്ടുള്ളത്.
കോളേജ് മാനേജർ ഫാ. പോൾ കുരീക്കാട്ടിൽ സി.എം.ഐ സ്വാഗതവും, ഫാ. ബോണി അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി.