കോഴിക്കോട് : നോട്ടീസ് പോലും നൽകാതെ സസ്പെന്റ് ചെയ്ത താമരശേരി രൂപതാധ്യക്ഷന്റെ നടപടിയെ വികാരനിർഭരമായി ഏറ്റുവാങ്ങി ഫാ. അജി പുതിയാപറമ്പിലിന്റെ കുറിപ്പ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്രകാരം –
“സ്നേഹം നിറഞ്ഞവരേ,
താമരശ്ശേരി രൂപതയിൽ നിന്നും എന്നെ സസ്പെൻഡ് ചെയ്ത വിവരം ഇതിനകം നിങ്ങൾ അറിഞ്ഞു കാണുമല്ലോ.
എനിക്ക് ആദ്യമേ തന്നെ പറയാനുള്ളത് ‘ഞാൻ മുമ്പു സ്നേഹിച്ചിരുന്നതു പോലെ തന്നെ ഇപ്പോഴും താമരശ്ശേരി രൂപതയെയും രൂപതയിലെ മുഴുവൻ ദൈവജനത്തെയും സ്നേഹിക്കുന്നു ‘ എന്ന കാര്യമാണ്. അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവരാരും ഒരു തരത്തിലും പ്രകോപിതരാകരുതെന്നും ക്രിസ്തുവിന്റെ സ്നേഹത്തിന് വിരുദ്ധമായി ഒന്നും ചിന്തിക്കരുതെന്നും ഏറ്റവും വിനീതമായി അഭ്യർത്ഥിക്കുന്നു.
2023 മെയ് മാസം 13-ാം തിയ്യതി ഞാൻ പ്രവാചക ദൗത്യത്തിലേയ്ക്ക് പ്രവേശിച്ചത് താമരശ്ശേരി രൂപതയുമായി വ്യക്തിപരമായി എന്തെങ്കിലും പ്രശ്നമുള്ളതു കൊണ്ടല്ല. രൂപതയ്ക്കോ രൂപതാധികാരികൾക്കോ വ്യക്തിപരമായി എന്നോടും പ്രശ്നങ്ങളൊന്നുമില്ല എന്നാണ് എന്റെ വിശ്വാസം . കേരള സഭ പൊതുവിലും , പ്രത്യേകമായി സീറോ മലബാർ സഭയും നേരിടുന്ന ധാരാളം ജീർണ്ണതകളെ ഇല്ലാതാക്കുന്നതിന് എന്നാലാവും വിധം പരിശ്രമിക്കാനാണ് ഞാനീ ദൗത്യം ഏറ്റെടുത്തത്. അത് കല്ലും മുള്ളും നിറഞ്ഞ കുരിശിന്റെ വഴിയാണെന്ന് അന്നേ എനിക്കറിയാമായിരുന്നു. അതുകൊണ്ട് എന്റെ ഈ പുതിയ ദൗത്യത്തിന് ലഭിച്ച ആദ്യത്തെ അംഗീകാരമായി ഈ സസ്പെൻഷനെ ഞാൻ കാണുന്നു. ഇനിയും ധാരാളം കുരിശുകൾ എനിക്കായി തയ്യാറാക്കപ്പെടുന്നുണ്ട് എന്ന കാര്യവും എനിക്കറിയാം.
ഇനി മുതൽ വി. കുർബാന അർപ്പിക്കുവനോ കൂദാശകൾ പരികർമ്മം ചെയ്യുവാനോ എനിക്കു സാധിക്കുകയില്ല. എന്നാൽ ദൈവജനത്തോടൊപ്പം അവരിലൊരുവനായി വി. കുർബാനയിൽ പങ്കെടുക്കാനും വി. കൂദാശകൾ സ്വീകരിക്കാനും എനിക്കു സാധിക്കും. അതിൽ ഞാൻ സന്തോഷവാനാണ്.
എന്നിലെ പൂക്കളെ മാത്രമേ അറുത്തു മാറ്റിയിട്ടുള്ളൂ. എന്നാൽ ക്രിസ്തുവാകുന്ന വസന്തത്തെ തടയാൻ ആർക്കുമാവില്ല.
ക്രിസ്തുവിനെ പിന്തുടരുന്നതിന് വേണ്ടിയാണ് ഞാൻ വൈദികനായത്. ഒരുപാട് കാര്യങ്ങൾ വേണ്ടെന്ന് വച്ചിട്ടാണ് ഒരുവൻ വൈദികനാകുന്നത് തന്നെ. അതുകൊണ്ട് ക്രിസ്തു എന്നെ ഏല്പിച്ച പുതിയ ദൗത്യത്തിന് വേണ്ടി പൗരോഹിത്യത്തിന്റെ പദവികളും സുരക്ഷിതത്വവും ഉപേക്ഷിക്കുവാനും എനിക്ക് സന്തോഷമേയുള്ളൂ. എന്നാൽ പൗരോഹിത്യവും അതിന്റെ മൂല്യങ്ങളും ദൈവത്തിൽ ആശ്രയിച്ച് ഞാൻ അഭംഗുരം തുടരും.
കേരള സഭയിൽ ഇന്ന് രൂഢമൂലമായിരിക്കുന്ന ജീർണ്ണകൾക്ക് എതിരേയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. . അതോടൊപ്പം സീറോ മലബാർ സഭയിൽ നടക്കുന്ന കൽദായ വത്ക്കരണം എന്ന ആത്മീയ, സാംസ്ക്കാരിക അധിനിവേശത്തിന് എതിരെയും പോരാടും. ഇക്കാര്യത്തിൽ എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെയും മറ്റു 34 രൂപതകളിൽ ഉള്ളവരുടെയും പരിശ്രമങ്ങളെ തുടർന്നും പിന്തുണയ്ക്കും. കൂടാതെ ഇന്ന് കേരള സഭയിൽ ആഴത്തിൽ വേരോടിക്കാൻ ശ്രമിക്കുന്ന വെറുപ്പിന്റെ കൂടാരങ്ങൾക്കെതിരെയും ഞാൻ ശബ്ദ്ധമുയർത്തും.
ഞാൻ എഴുതുകയും പറയുകയും ചെയ്തിട്ടുള്ള കാര്യങ്ങളിൽ ആളുകൾക്ക് ഉതപ്പ് ഉണ്ടായി എന്നാണ് എനിക്കെതിരേയുള്ള ആരോപണങ്ങളിൽ ഒന്ന്. എന്നാൽ ഞാൻ പറഞ്ഞവയിൽ എന്തെങ്കിലും അസത്യം ഉള്ളതായി ആരും പറയുമെന്ന് തോന്നുന്നില്ല. ക്രിസ്തുവിനെ വിധിക്കാനുള്ള കാരണങ്ങളിൽ ഒന്ന് അവൻ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നതായിരുന്നു. അതുകൊണ്ടാണ് കയ്യാഫാസ് പറഞ്ഞത് *”ജനങ്ങൾ മുഴുവൻ നശിക്കാതിരിക്കാനായി* *അവർക്കു വേണ്ടി*
*ഒരുവൻ മരിക്കുന്നത്* *യുക്തമാണെന്ന്* “.
(N.B. 1.ആരെയെങ്കിലും ശിക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക ഷോക്കോസ് നോട്ടീസ് നല്കുന്നത് ഒരു സാമാന്യ നീതിയാണ്. കാനൻ നിയമത്തിൽ അങ്ങനെ ഒരു കാര്യം ഇല്ലെങ്കിൽ പുതുതായി എഴുതിച്ചേർക്കപ്പെടേണ്ടതാണ്.
2.ഞാൻ ഒളിവിൽ പോയെന്ന അസത്യവും ഉത്തരവിൽ എഴുതിയിട്ടുണ്ട്. അസത്യം പ്രചരിപ്പിക്കുന്നത് ആർക്കും ഭൂഷണമല്ല )
ഫാ. അജി പുതിയാപറമ്പിൽ