കോഴിക്കോട് :
മലയോര മേഖലയുടെ ഉത്സവമായ ഒൻപതാമത് മലബാർ റിവർ ഫെസ്റ്റിവലിന് ആരംഭം കുറിക്കാൻ ഇനി അഞ്ച് നാൾ മാത്രം. ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിലായി നടക്കുന്ന മത്സരങ്ങളിൽ മുഴുവൻ പേരുടെയും പിന്തുണയും സാന്നിധ്യവും ലിന്റോ ജോസഫ് എം എൽ എ അഭ്യർത്ഥിച്ചു. മലബാർ റിവർ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് കാലിക്കറ്റ് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മലബാർ റിവർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പുലിക്കയത്താണ് പ്രധാന മത്സരങ്ങൾ നടക്കുക. വിനോദസഞ്ചാര വകുപ്പ്, ജില്ലാപഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകൾ, ഡി ടി പി സി, സ്പോൺസർമാർ എന്നിവരുടെ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പരിപാടികൾക്ക് തുടക്കമായി. മഡ് ഫുട്ബോൾ ടൂർണ്ണമെന്റ്, ക്രോസ് കൺട്രി മത്സരം എന്നിവ നടന്നു. നാളെ (ജൂലൈ 30) കോഴിക്കോട്, കൽപ്പറ്റ, അരീക്കോട് എന്നിവിടങ്ങളിൽ നിന്ന് പുലിക്കയത്തേക്ക് സൈക്ലിങ് ടൂറും കോടഞ്ചേരിയിൽ ട്രിലത്തോൺ മത്സരവും നടക്കും. തുഷാരഗിരിയിൽ നിന്ന് കക്കാടംപൊയിലിലേക്ക് സ്ത്രീകളുടെ മഴ നടത്തവും ഉണ്ടാകും.
ജൂലൈ 31 മുതൽ ആഗസ്റ്റ് 6 വരെ ചിത്രകാരൻ കെ ആർ ബാബുവിന്റെ നേതൃത്വത്തിൽ തിരുവമ്പാടി തമ്പലമണ്ണയിൽ ചിത്രപ്രദർശനവും നടക്കും. ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്നും കക്കാടംപൊയിലിലേക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും. ആഗസ്റ്റ് മൂന്നിന് പൂവാറംതോട് പട്ടം പറത്തൽ മത്സരവും ഉണ്ടാവും. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുമായി ചേർന്ന് ടൂറിസം സാധ്യതകളുടെ വികസനം ലക്ഷ്യമിട്ടാണ് കയാക്കിങ്ങ് മത്സരങ്ങൾ നടത്തുന്നത്.
ആഗസ്റ്റ് ആറിന് വൈകുന്നേരം 4.30 ന് ഇലന്തുകടവിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 1.65 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കയാക്കിങ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്യും. ഒൻപത് ലക്ഷത്തോളം രൂപയാണ് വിജയികൾക്ക് സമ്മാനമായി നൽകുക.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി പുളിക്കാട്ട്, ജില്ലാപഞ്ചായത്ത് അംഗം ബോസ് ജേക്കബ്, സ്പോർട്സ് കൗൺസിൽ അംഗം പി.ടി അഗസ്റ്റിൻ, സാഹസിക ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി നിഖിൽ ദാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.