KERALAlocaltop news

കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടുന്ന മദ്യ- മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടി വേണം – നഗരസഭാ കൗൺസിൽ

വാർഡുകളിലെ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി നടപടി ഉറപ്പാക്കുമെന്ന് മേയർ

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ പിടിമുറുക്കികൊണ്ടിരിക്കുന്ന മദ്യ- മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായി പോരാടാൻ കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം. കൗൺസിലർ എൻ.സി. മോയിൻകുട്ടിയാണ് അതി ഗൗരവകരമായ വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചത്. ആഴ്ച്ചവട്ടം കാളൂർ റോഡ് മയക്കുമരുന്നിന്റെ സൂപ്പർ മാർക്കറ്റായി മാറിയെന്ന് അദ്ദേഹം പറഞ്ഞു . അനധികൃത വിദേശമദ്യം, കഞ്ചാവ്, ചാരായം, ബ്രൗൺ ഷുഗർ, എംഡി എം എ , ചരസ്, ഹാഷിഷ് തുടങ്ങി എല്ലാത്തരം മയക്കു മരുന്നും കാളൂർ റോഡിൽ രാവിലെ മുതൽ സുലഭമാണ്. വിദ്യാർത്ഥികൾ അടിമകളായി മാറിയിട്ടും എക്സൈസ് വകുപ്പ് നോക്കുകുത്തിയായി തുടരുന്നു. കസബ പോലീസ് കുറച്ചെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ല. ചെറുപ്പക്കാർ ജോലിക്ക് പോകാതെ മരുന്നടിച്ച് അവിടവിടെ വീണുകിടക്കുകയാണ്. ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വിഷയം കൈവിട്ടു പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തോപ്പയിൽ ബീച്ച് കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽപന നടക്കുന്നതായി കൗൺസിലർ സി.പി. സുലൈമാൻ പറഞ്ഞു . ജെഡിടി ഇസ്ലാം സ്കൂൾ , ഗവ ലോ കോളജ് പരിസരം എന്നിവിടങ്ങളിൽ പ്രശ്നം അതിരുക്ഷമാണെന്ന് വാർഡ് കൗൺസിലർ ചന്ദ്രൻ പറഞ്ഞു . മയക്കുമരുന്ന് വേട്ടയ്ക്ക് പോയ ചേവായൂർ എസ് ഐ ക്ക് മർദ്ദനമേറ്റ സംഭവം ഉണ്ടായി. വിദ്യാർത്ഥികൾ കൂട്ടമായി താമസിക്കുന്ന വാടകവീടുകളിലും കച്ചവടം തകൃതിയാണ്. മയക്കുമരുന്ന് കേസിൽ കടുത്ത ശിക്ഷ ലഭിക്കും വിധം നിയമ നിർമാണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് കൗൺസിലർ അഡ്വ. സി.എം. ജംഷീർ ആവശ്യപ്പെട്ടു’. സി.എസ്. സത്യഭാമ, ബിജുലാൽ എന്നിവരും ചർച്ചയിൽ പ്രശ്നം ഉന്നയിച്ചു. എല്ലാ വാർഡുകളിലെയും ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അറിയിക്കാൻ കൗൺസിലർമാർ ജാഗ്രത കാണിക്കണമെന്ന് മേയർ ഡോ . ബീന ഫിലിപ്പ് നിർദ്ദേശിച്ചു. സ്പോട്ടുകൾ കണ്ടെത്തിയ ശേഷം സിറ്റി പോലീസ് കമീഷണർ, എക്സൈസ് ഉന്നത അധികാരികൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തു മയക്കുമരുന്ന് മാഫിയക്കെതിരെ കർശന പോരാട്ടം ആരംഭിക്കുമെന്ന് മേയർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close