കോഴിക്കോട്: പതിനെട്ട് വർഷം തൻ്റെ സംരക്ഷണയിലായിരുന്ന ശേഷം മരിച്ച സഹോദരൻ്റെ സ്വത്ത് വകകൾ , അദ്ദേഹത്തിൻ്റെ മരണ ശേഷം ഭാര്യയെന്ന് അവകാശപ്പെട്ട് എത്തിയ സ്ത്രീ പന്നിയങ്കര പോലീസിൻ്റെ സഹായത്തോടെ കൈക്കലാക്കാൻ ശ്രമിക്കുകയാണെന്ന പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഫറോക്ക് പോലീസ് അസിസ്റ്റൻറ് കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്.
ഫറോക്ക് ഈസ്റ്റ് നല്ലൂർ സ്വദേശിനി കെ.ചന്ദ്രിക സമർപ്പിച്ച പരാതിയിലാണ് നടപടി.
ജൂലൈ 5 നാണ് പരാതിക്കാരിയുടെ സഹോദരൻ ബാലകൃഷ്ണൻ മരിച്ചത്. താനും സഹോദര പുത്രിയായ രചനയുമാണ് ബാലക്യഷ്ണനെ പരിചരിച്ചതെന്ന് പരാതിക്കാരി അറിയിച്ചു. മാഹി സ്വദേശിനിയായ പത്മാവതിയാണ് ഭാര്യ എന്ന് അവകാശപ്പെട്ട് സഹോദരൻ്റെ മരണത്തിന് ഒരു മാസത്തിന് ശേഷം എത്തിയതെന്ന് പരാതിയിൽ പറയുന്നു. പന്നിയങ്കര പോലീസിൻ്റെ പിന്തുണയോടെ ബാലകൃഷ്ണൻ്റെ വീട് കൈക്കലാക്കാൻ ഇവർ ശ്രമിക്കുകയാണ്. വീടിൻ്റെ ആധാരം സൂക്ഷിക്കാൻ ബാലകൃഷ്ണൻ മറ്റൊരാളെ ഏൽപ്പിച്ചിരുന്നു. ഈ ആധാരം സ്റ്റേഷനിലെത്തിക്കണമെന്നാണ് പോലീസിൻ്റെ ആവശ്യം. സിവിൽ സ്വഭാവത്തിലുള്ള പരാതിയിൽ പോലീസ് അവിഹിതമായി ഇടപെടുകയാണെന്നും പരാതിയിൽ പറയുന്നു.ബാലകൃഷ്ണൻ ഒസ്യത്ത് തയ്യാറാക്കി മലപ്പുറം സ്വദേശിയായ അഡ്വ.ഹരികുമാറിനെ ഏൽപ്പിച്ചിട്ടുണ്ട്. ഒസ്യത്ത് കമ്മീഷൻ പരിശോധിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.കേസ് ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.