കോഴിക്കോട്: ഒമാനി ബാലികയ്ക്കും അമ്മയ്ക്കും അതിസങ്കീർണ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ പകർന്ന് ബേബി മെമ്മോറിയൽ ആശുപത്രി. ഒമാൻ ദമ്പതികളുടെ മകളായ ഷ്രോക് ആദിൽ മൊഹമ്മദ് സെയ്ദ് അൽ അംറി (ഒൻപതു വയസ്) ജന്മനാ വൃക്കരോഗിയായിരുന്നു. വർഷങ്ങളോളമായി കുട്ടിയുടെ ആരോഗ്യം നിലനിർത്തിയിരുന്നത് ആഴ്ചയിൽ മൂന്ന് തവണ എന്ന തോതിൽ ഡയാലിസിസിലൂടെ ആയിരുന്നു. കുട്ടി വളർന്നു പ്രായം തികഞ്ഞപ്പോൾ അസുഖത്തിന്റെ ശാശ്വതപരിഹാരമായ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ എത്രയും വേഗം ചെയ്യേണ്ടതുണ്ട് എന്ന് ഒമാനിലെ ഡോക്ടർമാർ നിർദേശിച്ചതോടെയാണ് മകൾക്കു തന്റെ വൃക്ക നൽകുവാൻ നാൽപത്തൊന്നുകാരിയായ അമ്മ തയാറായത്.
(നാലുവർഷം മുൻപ് അവളുടെ സഹോദരിക്ക് അച്ഛന്റെ കിഡ്നി ട്രാൻസ്പ്ലാന്റ് വഴി നൽകിയിരുന്നു )
അതിന്റെ ഭാഗമായുള്ള പരിശോധനകളിൽ അമ്മയുടെ വൃക്കയിലേക്കുള്ള ധമനിക്ക് വീക്കം (Renal Artery Aneurysm) കണ്ടെത്തിയത് വളരെ ആശങ്കാജനകമായിരുന്നു. ഇത് മൂലം സർജറിയുടെ റിസ്ക് കൂടുതലാണെന്നും കേരളം പോലുള്ള സ്ഥലത്തു ചികിത്സിക്കുന്നതാവും അഭികാമ്യമെന്നും ഒമാനിലെ ഡോക്ടർ നിർദേശിച്ചു. ഇതിനെത്തുടർന്ന് നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ചികിത്സയ്ക്കായി അവർ കോഴിക്കോട് ബേബി മെമ്മോറിയിൽ ഹോസ്പിറ്റലിൽ എത്തിച്ചേർന്നത്.
“അമ്മയുടെ ധമനി വീക്കം പരിഹരിച്ചിട്ടു വേണ്ടിയിരുന്നു ട്രാൻസ്പ്ലാന്റ് ചെയ്യാൻ, അത് വളരെ സങ്കീർണമായിരുന്നതിനാൽ തന്നെ റിസ്ക് തീർച്ചയായും ഉണ്ടായിരുന്നു. ഞങ്ങൾ ഡോക്ടർമാർക്കിടയിൽ ചർച്ചകൾ നടത്തി ” സീനിയർ നെഫ്രോളജിസ്റ്റ് ഡോ. സുനിൽ ജോർജ് പറഞ്ഞു. നിരവധി ആലോചനകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യാം എന്ന തീരുമാനം എടുത്തത്.
ഡോ.സുനിൽ ജോർജ്, ഡോ. പൗലോസ് ചാലി, ഡോ. ഹരിലാൽ വി നമ്പ്യാർ, ഡോ. ഇ. കെ. രാംദാസ് എന്നിവർ ഈ ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകി.
പൂർണ ആരോഗ്യം വീണ്ടെടുത്ത അമ്മയും കുഞ്ഞും ഇപ്പോൾ സന്തോഷത്തോടിരിക്കുന്നു. സെപ്റ്റംബർ എട്ടിനു ഒമാനിലേക്കു മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവരിപ്പോൾ.