തിരുവനന്തപുരം: സോളാര് കേസിലെ ഗൂഢാലോചനയിൽ ചര്ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് അനുമതി. വിഷയത്തിൽ ഉച്ചയ്ക്ക് ഒന്നിന് സഭാ നടപടികള് നിര്ത്തിവച്ച് ചര്ച്ച നടത്തും.
സോളാര് കേസിൽ ഉമ്മൻ ചാണ്ടിയെ ഉള്പ്പെടുത്തിയതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് ഷാഫി പമ്പിൽ നൽകിയ നോട്ടീസിലാണ് ചര്ച്ച നടത്തുക.
ഇതുസംബന്ധിച്ച ഔദ്യോഗിക രേഖയായ സിബിഐ റിപ്പോര്ട്ട് സര്ക്കാരിന്റെ കൈവശമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാര്ത്ത മാത്രമാണ് മുന്നിലുള്ളത്. എങ്കിലും വിഷയം സഭ നിര്ത്തിവച്ച് ചര്ച്ച ചെയ്യാൻ തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സോളാര് കേസിൽ ഉമ്മൻ ചാണ്ടിയുടെ പേരുള്പ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന സിബിഐ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. കെ. ബി.ഗണേശ് കുമാര് എംഎൽഎ, ബന്ധുവായ ശരണ്യ മനോജ്, വിവാദ ദല്ലാള് എന്നിവര് ചേര്ന്ന് ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്ട്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ സമര്പ്പിച്ച റിപ്പോര്ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരി ജയിലിൽ കിടന്ന് എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്ശമോ ഇല്ലായിരുന്നു. ഇത് പിന്നീട് കൂട്ടിച്ചേര്ത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേശ് കുമാര് കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.