കെ. ഷിന്റുലാല്‍
കോഴിക്കോട് : മുദ്രാവാക്യം വിളിച്ചതിനും പ്രകടനം നടത്തിയതിനും പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ
ഗ്രോവാസുവിനെ അവിചാരിതമായി കാണാനിടയായ പോലീസുകാരനെതിരേ നടപടി. കോഴിക്കോട് സ്വദേശിയും ആറന്മുള സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് പത്തനംതിട്ട ഡിവൈഎസ്പി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് മെമ്മോ സമര്‍പ്പിച്ചത്. ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തതും കോടതി പരിസരത്ത് നിന്ന് തൊപ്പികൊണ്ട് മുഖം മറിയ്ക്കാന് ശ്രമിച്ചതുമുള്‍പ്പെടെ ആഭ്യന്തരവകുപ്പിന് ഏല്‍ക്കേണ്ടി വന്ന കളങ്കം മാറുന്നതിന് മുമ്പാണ് വീണ്ടും പോലീസിന്റെ നടപടി വിവാദമാകുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേലാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഡിവൈഎസ്പി വിശദീകരണം
ആവശ്യപ്പെട്ടതെന്നാണ് വിവരം .
ഗ്രോവാസു ജയിൽമോചിതനായ ദിവസം അവധിക്കായി ഉമേഷ് സ്വന്തം ജില്ലയിൽ എത്തിയെന്നതാണ് പ്രധാന ‘കുറ്റം’. സമൂഹമാധ്യമത്തിൽ സജീവമായി ഇടപെടുന്ന വ്യക്തിയായ പോലീസുകാരൻ 94 വയസുള്ള ഗ്രോവാസുവിനെ കോടതി കുറ്റവിമുക്തനെന്ന് കണ്ട് വെറുതെ വിട്ടപ്പോൾ പ്രവർത്തകർ സ്വീകരണം നൽകുന്നത് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. പോസ്റ്റിന് ‘ അഭിവാദ്യങ്ങൾ ‘ എന്നത് എഴുതിയതും മേലുദ്ധ്യാഗസ്ഥരുടെ കണ്ണിൽ തെറ്റായി. ഇതോടെയാണ് നടപടി സ്വീകരിച്ചത്.
‘കോഴിക്കോട് പോലീസ് സ്റ്റേഷന് ക്രൈം 1114/2016 കേസിലെ പ്രതിയായി റിമാന്‍ഡില്‍ കഴിഞ്ഞുവന്നിരുന്ന ഗ്രോവാസുവിനെ വെറുതെ വിട്ടിട്ടുള്ളതും തുടര്‍ന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ടിയാനെ സ്വീകരിക്കുന്നതിനായി അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ പരിസരത്ത് എത്തിയിട്ടുള്ളതും ഗ്രോവാസുവിനെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന ഫോട്ടോ എടുത്ത് അഭിവാദ്യങ്ങള്‍ എന്നെഴുതി ഫേസ്ബുക്ക് പോസ്റ്റിട്ടതും പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നതിനെ കുറിച്ചും അവരുടെ പെരുമാറ്റ ചട്ടങ്ങളെ സംബന്ധിച്ചും സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലറിന് വിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. കൂടാതെ ഇത്തരം പ്രവര്‍ത്തികള്‍ അച്ചടക്ക സേനയിലെ അംഗമെന്ന നിലയില്‍ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും പെരുമാറ്റ ദൂഷ്യവും മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളോടുള്ള തികഞ്ഞ അവഗണനയുമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ മൂലം പൊതുജനമധ്യത്തില്‍ പോലീസ് സേനയുടെ കളങ്കമേല്പ്പിക്കുന്നതിനും ഇടയായിട്ടുള്ളതുമാണെന്നും’ മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മെമ്മോ പുറത്തിറങ്ങിയതിന് പിന്നാലെ സംഭവം ചര്‍ച്ചയായി മാറിയിട്ടുണ്ട്. പോലീസുകാരന് സ്വന്തം നാട്ടില്‍ അവധിയ്ക്ക് എത്തിയത് അച്ചടക്കലംഘനമാകുന്നതെങ്ങനെയെന്നാണ് പോലീസിനുള്ളിലെ ചര്‍ച്ച. കൂടാതെ കോടതി കുറ്റവിമുക്തനാക്കിയ വ്യക്തിയെ കാണാനിടയായത് കൃത്യവിലോപമോ അച്ചടക്കലംഘനമോ അല്ല. വയോധികനായ വ്യക്തിയെ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിലും അച്ചടക്കലംഘനം ആരോപിക്കാനാവില്ലെന്നാണ് പൊതുഅഭിപ്രായം. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അടൂരിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ മുഖ്യമന്ത്രി പ്രശംസിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് കോഴിക്കോട് സിറ്റിയില്‍ നിന്ന് ഉമേഷിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്.