കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വാർഡ് 27 ലുള്ള ക്യാമ്പ് ഓഫീസിന് മുന്നിൽ ഉൾപ്പെടെ നഗരത്തിലെ വീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നഗരസഭക്ക് നോട്ടീസയച്ചു.
കോഴിക്കോട് നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിട്ടു.
നഗരസഭാ പരിധിയിലുള്ള വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം റോഡിനരികിൽ ദിവസങ്ങളോളം കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. ഒരു ദിവസം 150 ടൺ അജൈവ മാലിന്യമാണ് ഹരിതകർമ്മസേന ശേഖരിക്കുന്നത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ മാലിന്യം കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
നവംബർ 28 – ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.