കോഴിക്കോട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫറോക്ക് നഗരസഭ പരിധിയിലെ സർക്കാർ എയ്ഡഡ് പ്രൈവറ്റ് മേഖലയിലെ സ്കൂളുകളിൽ നിന്നും 10 പേരെ വീതം
പങ്കെടുപ്പിച്ചു കുട്ടികളുടെ ഹരിത സഭ നടത്തിയത്.
204 കുട്ടികളും 34 അധ്യാപകരും പങ്കെടുത്തു.
മാലിന്യസംസ്കരണരംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുക, പുതുതലമുറയില്‍ ശാസ്ത്രീയമാലിന്യസംസ്കരണം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, മാലിന്യമുക്തം നവകേരളസൃഷ്ടിക്കായി പുതിയ തലമുറയുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള വേദി ഒരുക്കുക, ശുചിത്വ മാലിന്യ സംസ്കരണപ്രവര്‍ത്തനങ്ങളുടെ മാതൃകയായി വിദ്യാഭ്യാസസ്ഥാപനങ്ങളെ മാറ്റുക, വിദ്യാലയങ്ങളില്‍ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുക എന്നിവയാണ് ഹരിതസഭയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നഗരസഭ ചെയർമാൻ എൻ.വി. റസാക്ക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ. റീജ അധ്യക്ഷത വഹിച്ചു . ഹരിത സഭ കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ചു കുട്ടികളിൽ നിന്നുള്ള പാനൽ പ്രതിനിധികളിൽ ഒരാൾ സ്വാഗതം പറയുകയും മറ്റൊരു പാനൽ പ്രതിനിധി ഹരിത സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് ഓരോ സ്കൂളുകളിൽ നിന്നും മാലിന്യ സംസ്tകരണ സംവിധാനത്തെ കുറിച്ചും അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചും ഓരോ കുട്ടികൾ വീതം റിപ്പോർട്ട് അവതരിപ്പിച്ചു . രണ്ടു കുട്ടികൾ വീതം മാലിന്യ സംസ്കരണത്തിൽ പുതിയ ആശയങ്ങൾ പങ്കുവെച്ചു കൊണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു.മുൻസിപ്പൽ തലത്തിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ചും പദ്ധതികളെ സംബന്ധിച്ചും ക്ലീൻ സിറ്റി മാനേജർ കുട്ടികളുടെ ഹരിത സഭയ്ക്കു മുൻപിൽ അവതരിപ്പിച്ചു. കുട്ടികളുടെ ചർച്ചയ്ക്കുള്ള മറുപടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. നിഷാദ് നൽകി. തുടർന്ന് മാലിന്യ സംസ്കരണം സംബന്ധിച്ച് രണ്ട് വീഡിയോകൾ പ്രദർശിപ്പിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർമാർ ഹെൽത്ത് വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.