KERALAlocaltop news

നവകേരള യാത്ര കർഷക അവഹേളന യാത്രയായി മാറി – കെ സി വിജയൻ

കോഴിക്കോട്: തകഴിയില്‍ നെല്‍കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും ‘ഇവിടെ കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ’ എന്ന് ചോദിച്ച ഒരു വിഡ്ഢിയായ മന്ത്രിയേയും കൊണ്ട് 140 നിയോജക മണ്ഡലങ്ങളിലും കറങ്ങുന്ന മുഖ്യമന്ത്രി, സത്യത്തില്‍ കര്‍ഷകരെ അവഹേളിക്കുകയാണെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയന്‍ അഭിപ്രായപ്പെട്ടു

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം കൊണ്ട് ഉപേക്ഷിക്കേണ്ടി വന്ന 2.20 ഏക്കര്‍ സ്ഥലത്തിന്റെ പേരില്‍ 20 സെന്റില്‍ കൂരവെക്കാന്‍ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍, മനംനൊന്ത് ആത്മഹത്യ ചെയ്ത കണ്ണൂര്‍ക്കാരന്‍ എന്‍ സുബ്രഹ്‌മണ്ണ്യന്റെയും, കടക്കെണിയില്‍ പെട്ട് തുടര്‍വായ്പ്പ നിഷേധിക്കപ്പെട്ട തകഴിയിലെ കെ ജി പ്രസാദിന്റെയും, രണ്ട് ദിവസം മുമ്പ് ബാങ്ക് വായ്പ്പാ കുരുക്കില്‍ പെട്ട് കടം വീട്ടാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത ക്ഷീര കര്‍ഷകന്‍ വയനാട്ടിലെ തോമസ്സിന്റെയും ശവശരീരങ്ങളില്‍ കൂടിയുള്ള കര്‍ഷക അവഹേളന യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

രണ്ട് ലക്ഷം പേരെ അംഗങ്ങള്‍ ആക്കുമെന്ന് വീരവാദം മുഴക്കി ഇലക്ഷന്‍ സ്റ്റണ്ട് ആയി പ്രചരിപ്പിച്ച കര്‍ഷക ക്ഷേമ പദ്ധതിയില്‍ 20000 കര്‍ഷകരെ പോലും ചേര്‍ക്കാന്‍ കഴിയാതെ കര്‍ഷക ക്ഷേമ പദ്ധതി എന്ന ചാപിളക്ക് ദയാ വധം വിധിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. വന്യ മൃഗങ്ങളെ കാര്‍ഷിക ഭൂമിയില്‍ നിന്ന് ഓടിക്കാതെ കൃഷി ഭൂമിയില്‍ നിന്ന് കര്‍ഷകനെ ഓടിക്കാനുള്ള വിദ്യകളില്‍ ഗവേഷണം നടത്തുകയാണ് വനം മന്ത്രി.

കര്‍ഷക ദ്രോഹ നടപടികളുമായി കര്‍ഷകരെ അവഹേളിച്ചു കൊണ്ട് നവകേരള യാത്ര, അവഹേളന യാത്ര ആക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ടെന്നും ഈ ധാര്‍ഷ്ട്യത്തെ എന്ത് വില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ പി സി ഹബീബ് തമ്പി, കെപിസിസി അംഗം ശ്രീ എ അരവിന്ദന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എം ഒ ചന്ദ്രശേഖരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി ഗിരീഷ് കുമാര്‍, മണ്ഡലം പ്രസിഡണ്ട് എം സി നസിമുദ്ദീന്‍, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മില്ലി മോഹന്‍, എം വേണുഗോപാലന്‍ നായര്‍, കെ കെ ആലി, സുബ്രഹ്‌മണ്യന്‍ കൂടത്തായ് എ എസ് ജോസ്, പി റ്റി സന്തോഷ് കുമാര്‍ റോബര്‍ട്ട് നെല്ലിക്കതിരുവില്‍, അബ്ദുള്‍ നാസര്‍,നവാസ് ഈര്‍പ്പോണ, ടി കെ പി അബൂബക്കര്‍,കെ പി കൃഷ്ണന്‍, കമറുദ്ദീന്‍ അടിവാരം, കെ വി പ്രസാദ്, പിഎം രാധാകൃഷ്ണന്‍, അഹമ്മദ് കുട്ടി കായലം, ഇ കെ നിതീഷ് എടവലത്ത്കണ്ടി അനീഷ് ചാത്തമംഗലം, ഷെബിന്‍ കുന്നമംഗലം രാജലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് വളയം സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി അസ് ലം കടമേരി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close