കെ.ഷിന്റുലാല്‍
കോഴിക്കോട് : പുകയില ഉത്പന്നങ്ങള്‍ ജയിലിനുള്ളില്‍ എത്തിച്ച ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്കെതിരേ നടപടി .
കോഴിക്കോട് ജില്ലാ ജയില്‍ ഡിപിഒ ടി. ഉമ്മറിനെയാണ് അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തുകൊണ്ട് ജയില്‍ മേധാവി ഉത്തരവിറക്കിയത്. ഒക്‌ടോബര്‍ ഏഴിനാണ് ജില്ലാ ജയിലിലെ ടവറില്‍ നിന്ന് നിരോധിത പുകയില
ഉത്പന്നം ജയില്‍ ജീവനക്കാര്‍ കണ്ടെടുത്തത്. രാത്രി ഡ്യൂട്ടിക്കിടെ ഡിപിഒ ഒളിപ്പിച്ച പുകയില ഉത്പന്നം അടുത്ത ദിവസം രാവിലെ തടവുകാരന്‍ ഇതെടുക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡിപിഒയുടെ പങ്ക് വ്യക്തമായി. ഇത് സംബന്ധിച്ച് ‘ഇ ന്യൂസ്’ വാര്‍ത്ത നല്‍കുകയും ഡിഐജി ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ ഡിഐജി നടത്തിയ അന്വേഷണത്തില്‍ നൈറ്റ് ഗാര്‍ഡ് ഓഫീസറുടെ ചുമതലയുണ്ടായിരുന്ന ഡിപിഒ പുകയില ഉത്പന്നം കണ്ടെടുത്ത ടവറിലേക്ക് വരുന്നതായും എന്തോ വസ്തു അവിടെ ഒളിപ്പിച്ചു വയ്ക്കുന്നതായും കണ്ടെത്തി. നിരോധിത പുകയില ഉത്പന്നം ജയിലേക്ക് കൊണ്ടുവന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വ്യക്തമാക്കി ഡിപിഒക്കെതിരേ ജയില്‍ ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് കൈമാറി. ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്ത് ഉത്തരവിറക്കുകയുമായിരുന്നു. അതേസമയം സംഭവം നടന്ന് ഒന്നരമാസത്തിന് ശേഷമാണ് നടപടി സ്വീകരിച്ചത്.
നേരത്തെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുകയില ഉത്പന്നങ്ങള്‍ വിറ്റ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട് ജില്ലാ ജയിലിലും സമാനസംഭവമുണ്ടാകുന്നത്. മദ്യവും മയക്കുമരുന്നും പുകയില വസ്തുക്കളും പുറമെ നിന്നും എത്തുന്നത് തടയാന്‍ ജയിലില്‍ കര്‍ശന പരിശോധന നടത്തുന്നതിനിടെയാണ് ജീവനക്കാരില്‍ ചിലര്‍ ഇവ ജയിലില്‍ തന്നെ വിറ്റഴിക്കുന്നത്. വിപണി വിലയേക്കാള്‍ ഇരട്ടിയിലേറെ നല്‍കിയാണ് തടവുകാര്‍ ഇത്തരം വസ്തുക്കള്‍ ജീവനക്കാരില്‍ നിന്ന് വാങ്ങുന്നതെന്നാണ് വിവരം. https://chat.whatsapp.com/BeXxAraIt6A5oTj12gNT1q