മനുഷ്യാവകാശ കമ്മീഷൻ നടപടി
കോഴിക്കോട് : സർക്കാർ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന തരത്തിലുള്ള സർക്കാരിതര സംഘടനകളുടെ രജിസ്ട്രേഷൻ നടത്താൻ നിയമപരമായി കഴിയില്ലെന്ന് ജില്ലാ രജിസ്ട്രാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
റോഡ് സേഫ്റ്റി കേരള എന്ന സംഘടനയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ രജിസ്ട്രാറുടെ ഭാഗത്ത് നിന്നും മനുഷ്യാവകാശ ലംഘനമുണ്ടായിട്ടില്ലെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ പറഞ്ഞു.
റോഡ് സേഫ്റ്റി കേരള എന്ന സംഘടനയ്ക്ക് രജിസ്ട്രേഷൻ നൽകിയില്ലെന്ന് ആരോപിച്ച് കാരപറമ്പ സ്വദേശി കെ. സുകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.റോഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി അതോറിറ്റി നിലവിലുള്ളതിനാൽ സംഘടന രജിസ്റ്റർ ചെയ്യരുതെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചതായി ജില്ലാ രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന് മുമ്പ് ചില സംഘടനകളുടെ രജിസ്ട്രേഷൻ ഇത്തരത്തിൽ നിരസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കേരള ഡെഫ് ക്രിക്കറ്റ് അസോസിയേഷൻ എന്ന സംഘടനയുടെ പേര് രജിസ്റ്റർ ചെയ്യുന്നത് നിരസിച്ചപ്പോൾ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരാതി തള്ളി. തുടർന്ന് സംഘാടകർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ ആവശ്യവും തള്ളിയത്.