കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി ആശുപത്രിയിലെത്തിയ ഒരു വയസ്സുകാരനെ രക്ഷിച്ചു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലേക്ക് ഒരു വയസ്സുകാരനെ എത്തിക്കുമ്പോള്‍ കുട്ടി ശ്വസിക്കാനോ പ്രതികരിക്കാനോ കഴിയാതെ അവശനിലയിലായിരുന്നു. വായിലൂടെ നോക്കിയാല്‍ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയിലുള്ള കുഞ്ഞിന് ഹെല്‍മിക് മാനോവര്‍ നല്കി, പ്രത്യേക ഉപകരണം ഉപയോഗിച്ച് അടപ്പ് പുറത്തെടുക്കുകയുമായിരുന്നുവെന്ന് അടിയന്തര ചികിത്സയ്ക്ക് നേതൃത്വം നല്കിയ എമര്‍ജന്‍സി ആന്റ് ട്രോമ വിഭാഗം അസ്സോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ. മുഹമ്മദ് ഷരീഫ് പറഞ്ഞു. അടപ്പ് ശ്വാസനാളം പൂര്‍ണ്ണമായും അടയ്ക്കാത്തതുകൊണ്ടാണ് ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതെന്നും അല്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശേഷം കുഞ്ഞ് കരയുകയും പിന്നീട് ഓക്സജന് സപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പീഡിയാട്രിക്, ഇഎന്‍ടി ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്കു ശേഷം കുഞ്ഞ് ഇപ്പോള്‍ സുഖമായിരിക്കുന്നു.
പല ആശുപത്രികളിലും പ്രത്യേക പരിശീലനം സിദ്ധിച്ച എമര്‍ജന്‍സി ഫിസിഷ്യന്മാരുടെ അഭാവം ഇത്തരം ഘട്ടങ്ങളില്‍ പ്രയാസമുണ്ടാക്കാറുണ്ട്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി ഒരു യുവഡോക്ടര്‍ ഷോപ്പിംഗ് മാളില്‍ വച്ച് മരണത്തിനു കീഴടങ്ങിയിരുന്നു. ചെറിയ പിന് മുതല്‍, സ്ക്രൂ, കുപ്പിയുടെ അടപ്പുകള്‍, മറ്റു വിത്തുകള്‍, കടല തുടങ്ങിയവയൊക്ക തൊണ്ടയില്‍ കുടുങ്ങിയാണ് പലപ്പോഴും രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെയും കൊണ്ട് ആശുപത്രിയില്‍ എത്താറുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ കൊണ്ട് പ്രതിവര്‍ഷം 3000ത്തിലേറെ മരണങ്ങളാണ് സംഭവിക്കുന്നത്.
ഇത്തരം അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ എത്രയും പെട്ടെന്ന് പ്രതിവിധി ചെയ്യുക പ്രധാനമാണ്. കുഞ്ഞിനെ തല കീഴായി പിടിക്കുകയും പിരടിയില്‍ തട്ടുകയും ചെയ്യുക, വയറ്റില്‍ ഡയഫ്രത്തിനു താഴെയായി കൈവച്ച് പിന്‍ഭാഗത്ത് അമര്‍ത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി ചെയ്യേണ്ടത്. പലപ്പോഴും ആശുപത്രിയിലെത്തുന്നതിനും മെഡിക്കല്‍ ശ്രദ്ധ കിട്ടുന്നതിനും മുമ്പാണ് അധികം മരണങ്ങളും സംഭവിക്കുന്നതെന്നും ഡോ. മുഹമ്മദ് ഷരീഫ് പറഞ്ഞു.