കോഴിക്കോട്: മനോരോഗ ചികിത്സയിലിരിക്കുന്ന മകനിൽ നിന്നും കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായ മിഠായി തെരുവിലെ കടമുറിയുടെ അധികാരം തൻ്റെ മകളും മരുമകനും ചേർന്ന് എഴുതി വാങ്ങിയെന്ന അമ്മയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കുതിരവട്ടം സ്വദേശിനി പത്മിനി സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരിക്ക് നാല് പെൺമക്കളും മകനുമുണ്ട്. രണ്ടു പെൺമക്കളും മകനും രോഗ ബാധിതരാണ്. കടമുറി നഷ്ടമായതു കാരണം വരുമാനം നിലച്ചത് വഴി പട്ടിണി കിടക്കുന്ന കുടുംബത്തിന് നഗരസഭയാണ് ഭക്ഷണമെത്തിക്കുന്നത്. കടമുറി തിരികെ കിട്ടിയില്ലെങ്കിൽ ജീവിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു.