കോഴിക്കോട് : വ്യാജ കമ്പനിയുടെ പേരിൽ കോടികൾ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തിൽവച്ച് പിടികൂടി.
Rigid foods എന്ന കമ്പനി രജിസ്റ്റർ ചെയ്ത് ആസൂത്രിതമായി തട്ടിപ്പ് നടത്തി കൊണ്ടിരുന്ന ഷുഹൈബ് എം.എച്ചിനെതിരെ കോഴിക്കോട് ബേപ്പൂരിലെ പ്രമുഖ വ്യവസായി നൽകിയ പരാതിയിലാണ് അറസ്റ്റ്. കമ്പനിയിൽ നിക്ഷേപത്തിനായി എഴുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇക്കഴിഞ്ഞ ഒക്ടോബർ 13ന് ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ പ്രതി ദുബായിലേക്ക് കടന്നിരുന്നു.പ്രതിയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നേരത്തെ മംഗലാപുരം സ്വദേശിയുടെ എഴുപത് ലക്ഷം തട്ടിയെടുത്തെന്ന പരാതിയിന്മേൽ മെയ് 19 ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ വിവിധ വിവിധ തട്ടിപ്പ് കേസുകളിലും ചെക്ക് കേസുകളിലും ഇയാൾ പ്രതിയാണ്.
കോഴിക്കോട് പയ്യാനക്കൽ സ്വദേശിയായ ഷുഹൈബ് Rigid Foods എന്ന കമ്പനിയുടെ പേരിൽ ബർഗർ ലോഞ്ച് ആരംഭിക്കാനെന്ന വ്യാജേനയാണ് നിരവധി ആളുകളിൽ നിന്നും കോടികൾ തട്ടിയെടുത്തത്. സംയുക്ത സംരംഭം എന്ന ധാരണയിൽ കൈപ്പറ്റിയ ഈ ഇടപാടുകളിന്മേലാണ് ഇപ്പോൾ അറസ്റ്റ് വാറന്റ് ഉള്ളത്.പ്രതിമാസം നിശ്ചിത വരുമാനം വാഗ്ദാനം ചെയ്ത് സംരംഭം തുടങ്ങാനെന്ന പേരിൽ പലരിൽ നിന്നുമായി ദശലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ട്. പ്രവാസികൾ, ചെറുതും വലുതുമായ ബിസിനസുകാർ, കിടപ്പാടം വരെ പണയം വെച്ച് പണം നൽകിയവർ തുടങ്ങി വിവിധ തലങ്ങളിലുള്ളവർ ഇവന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.