കോഴിക്കോട് : 95 വയസുള്ള രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ ആമ്പുലൻസിന് പോലീസ് ബാരിക്കഡ് തുറന്നു കൊടുത്തില്ലെന്ന പരാതിയിൽ ഇത്തരം സന്ദർഭങ്ങളിൽ പോലീസ് അതീവ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
2023 ജൂലൈ 31 ന് നല്ലളം പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിനിടെ ഫറോക്കിൽ നിന്നുവന്ന ആമ്പുലൻസ് മോഡേൺ ബസാറിൽ തടഞ്ഞ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതു കൊണ്ടാണ് സ്റ്റേഷന് 100 മീറ്റർ മുമ്പ് ഗതാഗതം വഴി തിരിച്ചുവിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആമ്പുലൻസ് ഡ്രൈവർ പോലിസിന്റെ നിർദ്ദേശം അവഗണിച്ചതായി റിപ്പോർട്ടിലുണ്ട് . പഴയ കൊളത്തറ റോഡ് വഴി ടൗൺ ഭാഗത്തേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ വകവച്ചില്ല. പോലീസ് സ്റ്റേഷന് മുന്നിലെത്തിയ ആമ്പുലൻസിന് വഴിയൊരുക്കാൻ പോലീസുകാർ ബാരിക്കേഡ് അഴിക്കുമ്പോൾ ആമ്പുലൻസ് ഡ്രൈവർ തന്റെ കടമ മറന്ന് ഇതിന്റെ വീഡിയോ ചിത്രീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ആമ്പുലൻസ് ഡ്രൈവർ വർഷങ്ങളായി ഇതേ ജോലി ചെയ്യുന്നയാളാണെന്നും പ്രദേശത്തെ എല്ലാ റോഡുകളെ കുറിച്ചും അറിവുള്ളയാളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം വീഡിയോ ചിത്രികരിച്ചതിലൂടെ ഡ്രൈവറുടെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആമ്പുലൻസ് ഡ്രൈവർ പോലീസിന്റെ നിർദ്ദേശം അവഗണിച്ചതാണ് പ്രയാസങ്ങൾക്ക് കാരണമായത്. ആമ്പുലൻസ് കടത്തിവിടാൻ പോലിസ് സന്നദ്ധമായിട്ടും പോലീസിന്റെ നിർദ്ദേശം അവഗണിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.