KERALAlocaltop news

നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നഗരസഭാ തീരുമാനം

കോഴിക്കോട്: കുടിവെള്ള പ്രശ്നം പരിഹരിക്കാനായി അടിയന്തര നടപടി. കോർപറേഷൻ കൗൺസിൽ യോഗത്തിൽ എം.പി.ഹമീദിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയിലാണ് ണ് മേയർ ഡോ.ബീന ഫിലിപ്പ് ഇക്കാര്യമറിയിച്ചത്. വിവിധ പരാതികൾ കൗൺസിലർമാർ വ്യാപകമായി ഉന്നയിച്ചു. നഗരത്തിൽ എവിടെയും കുടിവെള്ളം കിട്ടാനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് മേയർ പറഞ്ഞു. ആദ്യഘട്ടമായി പാളയം, മാവൂർറോഡ് ബസ് സ്റ്റാന്റുകളിൽ കോർപറേഷൻ വാട്ടർ കിയോസ്കുകൾ തുടങ്ങും. വെള്ളമെത്തിക്കുന്നതിൽ ജല അതോറിറ്റി പരാജയപ്പെടുന്നതിനാൽ ഇപ്പോഴുള്ള കുടിവെള്ള വിതരണ വണ്ടിക്കൊപ്പം മൂന്നാമതൊരു വണ്ടി കൂടി ഏർപ്പെടുത്തും. വാട്ടർ അതോറിറ്റിയുടെ വാഹനത്തിനുള്ള വാടകയും കോർപറേഷൻ നൽകും. വെള്ളവുമായുള്ള വണ്ടിക്ക് ആവശ്യമായ ഡ്രൈവർമാരെയും ഏർപ്പെടുത്തും. പാർക്കിങ് പ്ലാസകളുടെ നിർമാണമേറ്റെടുത്ത കമ്പനിയുടെ സി.ഇ.ഒയെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്  അറസ്റ്റ് ചെയ്തതിലേക്ക് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ശ്രദ്ധ ക്ഷണിച്ചത് യോഗത്തിൽ പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കി. പ്രശ്നം ഗൗരവമായി കാണണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാൽ 2015 ന് മുമ്പുള്ള കേസാണെന്നും കമ്പനിയെ പാർക്കിങ് പ്ലാസ ഏൽപ്പിക്കാൻ പ്രതിപക്ഷ നേതാവടക്കമുള്ളവർ പഴയ കൗൺസിലിൽ അനുകൂലിച്ചതാണെന്നും ഡെ.പ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. ഡി.ആന്റ് ഒ ലൈസൻസ് നൽകാൻ ഹരിതകർമ സേനയുടെ മാലിന്യം എടുത്തതിനുള്ള രശീതി വേണമെന്ന വ്യവസ്ഥ വ്യാപാരികൾക്ക് ദ്രോഹമായെന്ന് എസ്.കെ. അബൂബക്കർ ശ്രദ്ധ ക്ഷണിച്ചു. സർക്കാർ തീരുമാനമാണിതെന്ന് മേയർ മറുപടി നൽകി. നവ്യ ഹരിദാസ്, വി.പി.മനോജ്, മനോഹരൻ മാങ്ങാറിയിൽ എന്നിവരും വിവിധ വിഷയങ്ങളില ശ്രദ്ധക്ഷണിച്ചു. അമൃത്  ഫണ്ടിൽ വെസ്റ്റ്ഹിൽ, മാവൂർറോഡ് വാതക ശ്മശാനങ്ങൾ അഞ്ച് കോടി രൂപയിൽ നവീകരിക്കുന്നതിന് കൗൺസിൽഅംഗീകാരം നൽകി.
തദ്ദേശ ദിനാചരണ ചെലവിലേക്ക് അഞ്ച് ലക്ഷം രൂപ തദ്ദേശ വകുപ്പിന് കോർപറേഷൻ നൽകുന്നതിനുള്ള അജണ്ട ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ നേതാവിനെ അവഹേളിച്ചുവെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ ഇറങ്ങിപ്പോക്ക് നടത്തി. യു.ഡി.എഫ് അജണ്ടയിൽ വിയോജനക്കുറിപ്പ് നൽകിയിരുന്നു. എന്നാൽ ചർച്ചക്കിടെ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയെ സ്ഥിരം സമിതി അധ്യക്ഷൻ പി.സി.രാജൻ അവഹേളിച്ചു എന്നാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close