localtop news

കർഷകർക്ക് ഐക്യദർഢ്യം;കോഴിക്കോട് പൗരാവലിയുടെ ബഹുജന മഹാറാലി ഞായറാഴ്ച

കോഴിക്കോട്: ഡൽഹിയിൽ നടക്കുന്ന കർഷക റാലിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് കോഴിക്കോട് പൗരസമിതി സംഘടിപ്പിക്കുന്ന ബഹുജന മഹാറാലി ഞായറാഴ്ച നടക്കും. വൈകീട്ട് 4 മണിക്ക് ഫ്രാൻസിസ് റോഡ് ഗ്രാൻഡ് ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നാരംഭിച്ച് മുഹമ്മദലി കടപ്പുറം, സൗത്ത് ബീച്ച്, ആകാശവാണി വഴി റാലി ഗാന്ധി പ്രതിമക്ക് മുന്നിൽ സമാപിക്കും.
കാർഷിക രംഗമുൾപ്പെടെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാറിന്റെ നയത്തിനെതിരെയുള്ള തിരിച്ചടിയാണ് ഇതിനകം തന്നെ ആഗോള ശ്രദ്ധ പിടിച്ചു പറ്റി ഡൽഹിയിൽ കൊടുമ്പിരി കൊള്ളുന്ന കർഷക സമരം. രാജ്യം സാക്ഷിയായ ഏറ്റവും വലിയ ചെറുത്ത് നിലപാണ് തലസ്ഥാന നഗരിയിൽ തുടരുന്നത്.  ഇത്തരം പ്രക്ഷോഭ സമരങ്ങൾ രാജ്യത്തെ ജനാധിപത്യ സമര രൂപങ്ങളെ ശക്തിപ്പെടുത്തുമെന്നും പൗരാവകാശ ലംഘനങ്ങൾക്കെതിരെയുള്ള മറുപടിയായി മാറും. രാജ്യത്തെ അന്നമൂട്ടുന്ന അന്നദാതാക്കളോടാണ് സർക്കാർ ഇവ്വിധം പെരുമാറുന്നത്. കർഷകരെയും രാജ്യത്തെ ജനങ്ങളേയും ഒരുപോലെ ബാധിക്കുന്ന ഈ നയങ്ങളെ നാം ഒറ്റക്കെട്ടായ ചെറുത്ത് തോൽപ്പിച്ചേ മതിയാവൂ.
രാജ്യത്തെ ഭക്ഷ്യമേഖലയെ ആകമാനം പ്രതിസന്ധിയിലാക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്ര ഭരണകൂടം തയ്യാറാകാത്ത പക്ഷം രാജ്യത്തെ
അരാജകത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുമെന്നത് ഏറെ ഭയാശങ്കകളോടെയാണ് പൊതുസമൂഹം നോക്കി കാണുന്നത്.
കക്ഷി രാഷ്ട്രീയത്തിനതീതമായി കോഴിക്കോട് നഗരത്തിലെ പൊതുജന കൂട്ടായ്മയായ കോഴിക്കോട് പൗരസമിതിയാണ് മഹാ റാലിക്ക് നേതൃത്വം നൽകുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തിലേറെ പേർ അണിനിരക്കുന്ന റാലി കർഷക റാലിയോടുള്ള കോഴിക്കോടിന്റെ ഐക്യദാർഡ്യ സംഗമമായി മാറും.
കർഷക സംഘടന സമര നേതാവ് പി.ടി. ജോൺ സമാപന സംഗമം ഉദ്ഘാടനം ചെയ്യും.  കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് മുഖ്യാതിഥിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close